കുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാലത്തിന്റെ വരവറിയിച്ചുകൊണ്ട് നവംബർ 15-ന് ആരംഭിച്ച സ്പ്രിംഗ് ക്യാമ്പിംഗ് സീസൺ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെയും ദേശീയ സ്വത്വത്തിന്റെയും അഭിമാനകരമായ കാഴ്ചയായി മാറിക്കഴിഞ്ഞു. 2026 മാർച്ച് 15 വരെ നീണ്ടുനിൽക്കുന്ന ഈ സീസണിൽ രാജ്യത്തിന്റെ വടക്കൻ-തെക്കൻ മരുഭൂമി മേഖലകൾ ചെറുഗ്രാമങ്ങളെ അനുസ്മിരിപ്പിക്കും വിധം ടെന്റുകളാൽ നിറഞ്ഞിരിക്കുകയാണ്. കേവലമൊരു വിനോദമെന്നതിലുപരി, കുവൈത്ത് സമൂഹത്തിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും പാരമ്പര്യമായി കൈമാറിവരുന്ന അതിഥി സൽക്കാരം, ഒത്തൊരുമ തുടങ്ങിയ മൂല്യങ്ങൾ പരിപോഷിപ്പിക്കുന്നതിനുമുള്ള ഒരു സാമൂഹിക ആചാരമായാണ് ഇതിനെ കാണുന്നത്. നഗരങ്ങളിലെ തിരക്കുകളിൽ നിന്നും ശബ്ദകോലാഹലങ്ങളിൽ നിന്നും മാറി ശാന്തമായ അന്തരീക്ഷത്തിൽ സമയം ചെലവഴിക്കാൻ സ്വദേശികളും വിദേശികളും ഒരുപോലെ ഈ അവസരം ഉപയോഗപ്പെടുത്തുന്നു.മരുഭൂമിയിലെ രാത്രികളിൽ കത്തുന്ന തീജ്വാലകൾക്ക് ചുറ്റുമിരുന്ന് കാപ്പിയുടെ മണത്തിനൊപ്പം കഥകൾ പങ്കുവെക്കുന്നതും പാരമ്പര്യ കളികളിലും കായിക വിനോദങ്ങളിലും ഏർപ്പെടുന്നതും ക്യാമ്പ് ജീവിതത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. പൈതൃകത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ ആധുനിക സൗകര്യങ്ങളോടെയാണ് പല ക്യാമ്പുകളും സജ്ജീകരിച്ചിരിക്കുന്നത്. എത്രത്തോളം പുരോഗതിയിലേക്ക് രാജ്യം കുതിച്ചാലും മരുഭൂമിയോടുള്ള സ്നേഹം കുവൈത്തികളുടെ ഹൃദയത്തിൽ എന്നും മായാതെ നിൽക്കുന്നു എന്നതിന്റെ തെളിവാണ് ഓരോ വർഷവും വർദ്ധിച്ചുവരുന്ന ക്യാമ്പ് പങ്കാളിത്തം. ശാന്തിയും സമാധാനവും തേടി മണൽപ്പരപ്പുകളിലേക്ക് മടങ്ങുന്ന ജനതയ്ക്ക് ക്യാമ്പിംഗ് സീസൺ എന്നത് ഒരു ജീവിതശൈലി തന്നെയായി മാറിയിരിക്കുന്നു.
കുവൈത്തിലെ ശൈത്യകാല ക്യാമ്പിംഗ്: പൈതൃകവും ആധുനികതയും സംഗമിക്കുന്ന മരുഭൂമിയിലെ വസന്തം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



