കുവൈത്ത് സിറ്റി: രാജ്യത്തെ വിമാനത്താവളങ്ങളിലെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനുമായി കുവൈത്ത് കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. കസ്റ്റംസ് ഡയറക്ടർ ജനറൽ യൂസഫ് ഖാലിദ് അൽ-നുവൈഫ്, റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡെപ്യൂട്ടി ഹെഡ് സാലിഹ് മുഹമ്മദ് അൽ-ഒമർ എന്നിവരുടെ നേതൃത്വത്തിലാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1, ടെർമിനൽ 5 എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്. വിമാനത്താവളത്തിലെ വിവിധ ഇൻസ്പെക്ഷൻ സെന്ററുകളിലും സ്പെഷ്യലൈസ്ഡ് ഡിപ്പാർട്ട്‌മെന്റുകളിലും എത്തിയ ഇവർ നിലവിലെ പ്രവർത്തന രീതികൾ വിശദമായി വിലയിരുത്തി.യാത്രക്കാരുടെ പരിശോധന വേഗത്തിലാക്കുന്നതിനൊപ്പം കസ്റ്റംസ് നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ഇവർ, പരിശോധനകൾ സുഗമമാക്കുന്നതിനും നിയമവിരുദ്ധമായ കടന്നുകയറ്റങ്ങൾ തടയുന്നതിനും സ്വീകരിക്കേണ്ട നൂതന മാർഗ്ഗങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും കസ്റ്റംസ് വിഭാഗം നൽകുന്ന നിർണ്ണായകമായ പങ്കിനെ യൂസഫ് അൽ-നുവൈഫ് പ്രത്യേകം പ്രശംസിച്ചു.കടത്തുശ്രമങ്ങൾ തടയുന്നതിൽ കസ്റ്റംസ് ഇൻസ്പെക്ടർമാരുടെ ജാഗ്രത പ്രശംസനീയമാണെന്ന് പറഞ്ഞ അദ്ദേഹം, വരും ദിവസങ്ങളിൽ കൂടുതൽ ആധുനികമായ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും സൂചിപ്പിച്ചു. വിവിധ കസ്റ്റംസ് വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നത് വഴി യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പരിശോധനകൾ പൂർത്തിയാക്കാൻ സാധിക്കും. രാജ്യത്തേക്ക് നിരോധിച്ച വസ്തുക്കളും അനധികൃത പണവും എത്തുന്നത് തടയാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് സന്ദർശന വേളയിൽ അധികൃതർ ആവർത്തിച്ചു.
വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കി കുവൈറ്റ് കസ്റ്റംസ്: സുരക്ഷാ സജ്ജീകരണങ്ങൾ വിലയിരുത്തി ഉന്നത ഉദ്യോഗസ്ഥർ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



