തായ്‌ലന്റിലെ പട്ടായയിൽ പണം നൽകാതെ കടക്കാൻ ശ്രമിച്ച ഇന്ത്യക്കാരന് ട്രാൻസ് വനിതകളുടെ മർദനം. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഡിസംബർ ഏഴിനാണ് സംഭവമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.രാജ് ജാസുജ എന്ന 52കാരനാണ് മർദനമേറ്റത്. ഇയാള്‍ക്ക് മർദനം ഏല്‍ക്കുന്നതിന്‍റെ രണ്ട് ക്ലിപ്പുകളാണ് എക്‌സിലടക്കം പ്രചരിക്കുന്നത്. ഇയാൾ പണം നൽകാതെ ഒരു കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ട്രാൻസ് വനിതകൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയും ഇയാളെ കാറിൽ നിന്നും പിടിച്ച് വലിച്ച് പുറത്തെത്തിറക്കുകയും ചെയ്തു. ഇവരെ സഹായിക്കാൻ പ്രദേശവാസികളും എത്തി. പിന്നാലെ രാജ് ജാസുജയെ ട്രാന്‍സ് വനിതകള്‍ ചവിട്ടുകയും മർദിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
ഒരു ട്രാൻസ് വനിതയ്ക്ക് നൽകാമെന്ന് ജാസുജ വാഗ്ദാനം ചെയ്ത മുഴുവൻ തുക നല്‍കാന്‍ തയ്യാറാവാതിരുന്നതാണ് പ്രശ്‌നത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷിയായ 19കാരൻ പറയുന്നു. ഇയാളെ പിന്തുടർന്ന് ആദ്യം ഒരു ട്രാൻസ് വനിത വരികയും ഇരുവരും തമ്മിൽ പ്രശ്‌നം ഉണ്ടാവുകയും ചെയ്തു. പിന്നാലെയാണ് മറ്റ് ട്രാൻസ് വനിതകൾ കൂട്ടമായി എത്തിയത്. സംഭവത്തിൽ പൊലീസ് ഇടപെടുകയും ജാസുജായോട് പരാതി എഴുതി നൽകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മുഖത്തും തലയ്ക്ക് പിറകിലും പരിക്കേറ്റ ഇയാൾ ഇപ്പോൾ ചികിത്സയിലാണ്.
പട്ടായയിൽ മുമ്പും ഇന്ത്യക്കാരൻ മർദനത്തിന് ഇരയായിരുന്നു. ഇക്കഴിഞ്ഞ സെപ്തംബറിൽ ഒരു ട്രാൻസ്‌ജെൻഡർ സെക്‌സ് വർക്കറിനെ അനുചിതമായി സ്പർശിച്ചതിനെ തുടർന്നാണ് ഇയാൾക്ക് നേരെ ആക്രമണമുണ്ടായത്. ഒക്ടോബറിൽ പട്ടായയിലെ ഒരു ഹോട്ടലിൽ ഒരു തായ് ട്രാൻസ് വുമൺ രണ്ട് ഇന്ത്യൻ പൗരന്മാരെ ആക്രമിക്കുകയും അവരുടെ പക്കലുണ്ടായിരുന്ന 69,000 രൂപയുടെ സാധനവുമായി കടന്നുകളയുകയും ചെയ്തിരുന്നു.



