കുവൈത്ത് സിറ്റി: രാജ്യത്തെ ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പട്രോൾസ് നടത്തിയ വിപുലമായ സുരക്ഷാ ക്യാമ്പയിനുകളിൽ നിരവധി നിയമലംഘകർ പിടിയിലായി. ഡിസംബർ 28 മുതൽ ജനുവരി മൂന്ന് വരെയുള്ള കാലയളവിൽ വിവിധ ഗവർണറേറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളുടെ ഫലം അധികൃതർ പുറത്തുവിട്ടു. മയക്കുമരുന്നും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിച്ചതായി സംശയിക്കുന്ന 21 പേരെ പട്രോളിംഗ് സംഘം പിടികൂടി. ഇവരെ തുടർന്നുള്ള നിയമനടപടികൾക്കായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡ്രഗ് കൺട്രോളിന് കൈമാറി.വിവിധ കേസുകളിൽ വാറണ്ട് നിലവിലുള്ളവർ, കടബാധ്യതയുള്ളവർ, സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർ എന്നിങ്ങനെ 30 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ താമസനിയമങ്ങൾ ലംഘിച്ച് കഴിഞ്ഞിരുന്ന 16 പേരെയും പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. പൊതുസ്ഥലങ്ങളിലുണ്ടായ 10 സംഘർഷങ്ങൾ പട്രോളിംഗ് സംഘം ഇടപെട്ട് ഒത്തുതീർപ്പാക്കി. കൂടാതെ നിയമലംഘനം നടത്തിയ 32 വാഹനങ്ങൾ പിടിച്ചെടുത്ത് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സുരക്ഷാ നടപടികൾക്കൊപ്പം തന്നെ, വിവിധ പ്രയാസങ്ങൾ നേരിട്ട 481 വ്യക്തികൾക്ക് അടിയന്തര സഹായം നൽകാനും പട്രോളിംഗ് വിഭാഗത്തിന് സാധിച്ചു. നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തം; മയക്കുമരുന്ന് കേസ് പ്രതികൾ ഉൾപ്പെടെ നിരവധി പേർ പിടിയിൽ
INTERNATIONAL
Recent Comments
on Hello world!



