ന്യൂഡൽഹി: ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം കനക്കുമ്പോൾ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.ഇറാനിലെ സംഭവ വികാസങ്ങൾ തങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇറാനിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികളും ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളും സുരക്ഷിതരാണ് . നിയന്ത്രണങ്ങളുണ്ടെങ്കിലും വിദ്യാർത്ഥി സമൂഹവുമായി ബന്ധപ്പെടാൻ എംബസിക്ക് കഴിഞ്ഞിട്ടുണ്ട്. അവരെല്ലാം സുഖമായിരിക്കുന്നുവെന്നും ഇതുവരെ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ഡോളറിനെതിരെ ഇറാനിയന്‍ റിയാലിന്റെ വില ഇടിയുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്തതോടെയാണ് ഇറാനില്‍ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് ഇത് ഖമനയി വിരുദ്ധ പ്രക്ഷോഭമായി മാറി. ടെഹ്‌റാനില്‍ ആരംഭിച്ച പ്രക്ഷോഭം രാജ്യ വ്യാപകമായി മാറി. പ്രതിഷേധക്കാരെ അനുകൂലിച്ച് ട്രംപ് ആദ്യ ഘട്ടത്തിൽ തന്നെ രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരെ വെടിവെച്ചാല്‍ അമേരിക്ക അവരുടെ രക്ഷയ്‌ക്കെത്തും എന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇതോടെ പ്രതിഷേധം വൻതോതിൽ ആളിക്കത്തി.
വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഉൾപ്പടെ പ്രക്ഷോഭത്തിൽ സജ്ജീവമായി. അമേരിക്കയുടെ പിന്തുണ തുടക്കത്തിൽ തന്നെ ഇറാൻ പ്രതിരോധിച്ചിരുന്നു. ഇറാൻ്റെ സുരക്ഷാ കാര്യങ്ങളിൽ ഇടപ്പെട്ടാൽ നശിപ്പിക്കുമെന്നാണ് ഇറാന്‍ നേതാവ് ആയത്തുള്ള ഖമനയി ആദ്യ ഘട്ടത്തിൽ പറഞ്ഞത്. രണ്ടാഴ്ചയിലധികമായി നീണ്ടുനിൽക്കുന്ന പ്രക്ഷോഭത്തിൽ ഇതുവരെ അഞ്ഞൂറോളം പേരാണ് കൊല്ലപ്പെട്ടത്. 10,600 ഓളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു



