കുവൈത്ത് സിറ്റി: കുവൈത്തിലെ നുവൈസീബ് അതിർത്തിയിൽ നിയമം ലംഘിച്ച് രാജ്യം വിടാൻ ശ്രമിച്ച ലഹരിക്കേസ് പ്രതിയെയും സഹായിക്കാൻ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെയും അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. അതിർത്തി കടന്നുപോകുന്ന വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ കാണിച്ച അതീവ ജാഗ്രതയാണ് വൻ കുറ്റകൃത്യം പുറത്തുകൊണ്ടുവന്നത്. നുവൈസീബ് അതിർത്തിയിലെ എക്സിറ്റ് ഗേറ്റിൽ എത്തിയ ഒരു വാഹനത്തെക്കുറിച്ച് സംശയം തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പരിശോധന നടത്തുകയായിരുന്നു. ഇതേ അതിർത്തിയിൽ ജോലി ചെയ്യുന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഔദ്യോഗിക രേഖകൾ ഉള്ളതിനാൽ തന്നെ വിട്ടയക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടെങ്കിലും കാറിലുണ്ടായിരുന്ന രണ്ടാമത്തെ വ്യക്തിയെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ അന്വേഷിച്ചു. എന്നാൽ കൂടെയുള്ളയാൾക്ക് യാത്ര ചെയ്യാൻ അനുമതി നൽകുന്ന രേഖകളൊന്നും ഉണ്ടായിരുന്നില്ല. മറ്റൊരാളുടെ കാലഹരണപ്പെട്ട തിരിച്ചറിയൽ രേഖ കാണിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരിശോധനയിൽ കള്ളത്തരം ബോധ്യപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പിടിയിലായ യാത്രക്കാരൻ ലഹരിക്കേസുകളിൽ പ്രതിയാണെന്നും രാജ്യത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും വ്യക്തമായത്. ഇയാൾക്ക് ഇരട്ട പൗരത്വമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വന്തം സഹപ്രവർത്തകനായിരുന്നിട്ടും നിയമവിരുദ്ധമായി ഒരാളെ കടത്തിവിടാൻ കസ്റ്റംസ് ഉദ്യോഗസ്ഥൻ നടത്തിയ ശ്രമത്തെ അതിജീവിച്ച് കൃത്യനിർവ്വഹണം നടത്തിയ പോർട്ട് ഉദ്യോഗസ്ഥനെ അധികൃതർ അഭിനന്ദിച്ചു. പിടിയിലായവർക്കെതിരെ കർശനമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
രാജ്യം വിടാൻ ശ്രമിച്ച ലഹരിക്കേസ് പ്രതിയെ സഹായിക്കാൻ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ പിടികൂടി
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



