കുവൈത്ത് സിറ്റി: കുവൈത്തിലെ മരുഭൂമിയിൽ സാധാരണയായി കണ്ടുവരുന്ന മരുഭൂമി സസ്തനിയും കരണ്ടുതീനിയുമായ ലെസ്സർ ജെർബോവയെ പരിസ്ഥിതി പ്രവർത്തകൻ ഡോ. അബ്ദുള്ള അൽ-സൈദാൻ രേഖപ്പെടുത്തി. അൽ-സൽമി, സബാഹ് അൽ-അഹമ്മദ് റിസർവ്, അൽ-അഹമ്മദി മരുഭൂമി, സൈനിക രഹിത മേഖലകൾ എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. ഏകദേശം 9 മുതൽ 25 സെന്റിമീറ്റർ വരെയാണ് ഇവയുടെ നീളം. മണലിന്റെ നിറത്തിലുള്ള രോമങ്ങൾ ഇവയ്ക്ക് മരുഭൂമിയിൽ ഒളിച്ചിരിക്കാൻ സഹായകരമാണ്.മരുഭൂമിയിൽ കണപ്പെടുന്ന ചാടി സഞ്ചരിക്കുന്ന എലിവർഗ്ഗത്തിൽപ്പെട്ട ജീവികളാണ്. ഏഷ്യയുടെ കിഴക്കൻ പ്രദേശങ്ങൾ, ആഫ്രിക്കയുടെ വടക്കൻ ഭാഗങ്ങളിലും കാണപ്പെടുന്നു. ഇവ പൂർണ്ണമായും മരുഭൂമിയിൽ കഴിയുന്ന ജീവികളാണ്. ജെർബോവകൾക്ക് മണിക്കൂറിൽ 24 കിലോമീറ്റർ വേഗത്തിൽ ഓടുവാൻ സാധിക്കുന്നു. മദ്ധ്യേഷയിൽ ഇവയെ ചെറുതരം മൂങ്ങകൾ ഭക്ഷണമാക്കുന്നു. സാധാരണഗതിയിൽ ഒരു ജെർബോവ ആറു വർഷങ്ങൾ വരെ ജീവിച്ചിരിക്കാറുണ്ട്.
ജെർബോവകൾക്ക് രണ്ടുമുതൽ ആറുവരെ ഇഞ്ചു നീളമേയുണ്ടാകാറുള്ളു. ഇവയുടെ ഭാരം വെറും ഏതാനും ഔൺസുകളേയുള്ളു. ജെർബോവ കങ്കാരുക്കളെ അനുസ്മരിപ്പിക്കും. കങ്കാരുവിനെപ്പോലെ ഇവയ്ക്കും നീളം കൂടിയ പിൻകാലുകളുണ്ട്. മുൻകാലുകൾ നന്നേ ചെറുതാണ്, വാലിനു നീളം കൂടുതലുമാണ്. ജെർബോവകൾ ചാടുന്ന സമയം ബാലൻസ് ചെയ്യാൻ വാലുപയോഗിക്കുന്നു. ജെർബോവയുടെ നിറം മരുഭൂമിയിലെ മണലിനു സമാനമാണ്.രാത്രികാലങ്ങളിൽ സജീവമാകുന്ന ജീവികളാണിവ. മരുഭൂമിയിലെ കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ പകൽ സമയങ്ങളിൽ ഇവ തങ്ങളുടെ മാളങ്ങൾക്കുള്ളിൽ കഴിയുന്നു. ഏകദേശം രണ്ട് മീറ്റർ വരെ നീളമുള്ള മാളങ്ങളാണ് ഇവ നിർമ്മിക്കുന്നത്. ശൈത്യകാലത്ത് പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ താഴുന്ന തണുപ്പിനെയും വേനൽക്കാലത്ത് 54 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുന്ന ചൂടിനെയും അതിജീവിക്കാനുള്ള പ്രത്യേക കഴിവ് ജെർബോവകൾക്കുണ്ട്. വേനൽക്കാലത്ത് ചൂട് ഒഴിവാക്കാൻ ഇവ മാളങ്ങളുടെ പ്രവേശന കവാടം അടച്ചു സൂക്ഷിക്കാറുണ്ട്. കുവൈത്തിലെ ജൈവവൈവിധ്യത്തിന്റെ സുപ്രധാന ഭാഗമായ ഇത്തരം ജീവികളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ഡോ. അബ്ദുള്ള അൽ-സൈദാൻ പറഞ്ഞു.



