ന്യൂഡൽഹി: ബഹിരാകാശ പര്യവേക്ഷണത്തിൽ അടുത്ത ചരിത്ര നേട്ടത്തിനൊരുങ്ങി നാസയുടെ ആർട്ടിമിസ്-2 ദൗത്യം. 2026 ഫെബ്രുവരി 6ന് ദൗത്യം വിക്ഷേപിക്കുമെന്നാണ് നാസ അറിയിച്ചത്. 1972ലാണ് അവസാന ചാന്ദ്രദൗത്യമായ അപ്പോളോ ദൗത്യം നടക്കുന്നത്. ഇതിന് ശേഷം നീണ്ട 54 വർഷങ്ങൾക്ക് ശേഷമാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത്.പത്ത് ദിവസം നീളുന്നതാണ് ദൗത്യം. നാല് പേരാണ് ദൗത്യത്തിന്‍റെ ഭാഗമായി യാത്ര തിരിക്കുക. നാസയുടെ കമാൻഡർ റീഡ് വൈസ്‌മാൻ, പൈലറ്റ് വിക്‌ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റായ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ (സിഎസ്എ) ജെറമി ഹാൻസെൻ എന്നിവരാണ് ദൗത്യത്തിന്‍റെ ഭാഗമാവുക.
നാസയുടെ ആർട്ടിമിസ്-2 ദൗത്യത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആദ്യമായി ഒരു വനിത ചന്ദ്രനിലേക്ക് സഞ്ചരിക്കുന്ന ഒരു ദൗത്യം കൂടിയാണിത്. ആർട്ടിമിസ്-2 ദൗത്യത്തിൽ ചന്ദ്രനെ ചുറ്റിയ ശേഷം തിരികെ മടങ്ങാനാണ് പദ്ധതി. ഈ ബഹിരാകാശ പേടകം ചന്ദ്രോപരിതലത്തിൽ ലാൻഡിങ് നടത്തില്ല.അതേസമയം ഇതിനു ശേഷമുള്ള ആർട്ടിമിസ് 3 ദൗത്യം ചന്ദ്രനിൽ ഇറങ്ങും. അതിനാൽ തന്നെ വരാനിരിക്കുന്ന ആർട്ടിമിസ്-2 ദൗത്യം അമേരിക്കക്കാരെ ചന്ദ്രനിലേക്ക് അയയ്ക്കുന്നതിനുള്ള ആർട്ടിമിസ് 3 ദൗത്യത്തിന് മുന്നോടിയാണ്. 2027ൽ ആയിരിക്കും ആർട്ടെമിസ് 3 ദൗത്യം വിക്ഷേപിക്കുക. ഇതിന് മുന്നോടിയായി നടക്കുന്ന ആർട്ടിമിസ്-2 ദൗത്യം ഇതിലേക്കായി നിരവധി സംഭാവനകൾ നൽകും. ആർട്ടിമിസ്-2 ദൗത്യത്തിൽ സംഘത്തിന്‍റെ കണ്ടെത്തലുകളും പരീക്ഷണങ്ങളും അനുഭവസമ്പത്തും ചന്ദ്രനിലേക്ക് ഇറങ്ങുന്ന അടുത്ത ദൗത്യത്തെ കൂടുതൽ എളുപ്പമാക്കും



