കോഴിക്കോട്: സോഷ്യൽ മീഡിയ വഴി ലൈംഗികാതിക്രമം ആരോപിച്ചുള്ള വീഡിയോ പ്രചരിപ്പിച്ചതിൽ മനംനൊന്ത് വളയനാട് സ്വദേശി ദീപക് ആത്മഹത്യ ചെയ്‌ത കേസിലെ പ്രതിയായ ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഷിംജിത വീഡിയോ ചിത്രീകരിച്ചതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരുവരും സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധനക്ക് വിധേയമാക്കിയെങ്കിലും പ്രതിയുടെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കും വിധമുള്ള സാഹചര്യങ്ങളൊന്നും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.ബസിലെ രംഗങ്ങൾ ചിത്രീകരിച്ച യുവതിയുടെ ഫോൺ നേരത്തെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ നിന്നും എല്ലാ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. നേരത്തെ ഷിംജിത പൊലീസിൽ പരാതി നൽകിയതായി സംഭവത്തിന് ശേഷം സോഷ്യൽ മീഡിയ വഴി പറഞ്ഞിരുന്നു. എന്നാൽ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
പത്ത് വർഷത്തിലധികം തടവ് ലഭിക്കാവുന്ന വിധത്തിലുളള വകുപ്പുകൾ ചേർത്താണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിട്ടുള്ളത്. അതേസമയം ഷിംജിത പിടിയിലായ ശേഷം മാധ്യമങ്ങളുടെ ശ്രദ്ധതിരിക്കുന്നതിന് പൊലീസ് നടത്തിയ നാടകം പൊലീസിന് തന്നെ നാണക്കേട് ആയിട്ടുണ്ട്. അടുത്തകാലത്തായി പല കേസുകളിലും പ്രതികളെ പിടികൂടുന്നതിന് കാലതാമസം വരുത്തുന്നുവെന്ന രീതിയിൽ പൊലീസ് ഏറെ പഴി കേൾക്കുന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു പ്രതിയെ പിടികൂടിയിട്ടും രഹസ്യമായി കോടതിയിൽ എത്തിക്കാൻ പൊലീസ് നടത്തിയ ശ്രമം പൊലീസുകാർക്കുള്ളിൽ തന്നെ വലിയ അമർഷത്തിനും ഇടയാക്കിയിട്ടുണ്ടെന്നാണ് സൂചന.റിമാൻഡിലായ ഷിംജിതക്ക് ജാമ്യം ലഭിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ അഭിഭാഷകനായ ജുനൈദിൻ്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ജാമ്യാപേക്ഷ എത്രയും വേഗം കോടതിയിൽ സമർപ്പിക്കാനാണ് പ്രതിയുടെ അഭിഭാഷകൻ്റെ തീരുമാനം.



