തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. സ്വാഭാവിക പ്രസവത്തിനിടെ ഡോക്ടര്‍ക്ക് ഗുരുതര പിഴവ് പറ്റിയെന്നാണ് ആരോപണം. ആറ് മാസമായി വിതുര സ്വദേശിനി കടുത്ത ദുരിതത്തിലാണ്.പ്രസവ ശേഷം 23-കാരിക്ക് മലവിസര്‍ജനത്തിന് തടസമുണ്ട്. യോനിയിലൂടെയാണ് മലം പോകുന്നത്. മലം പോകാതെ വയറ്റില്‍ കെട്ടിക്കിടന്ന് അണുബാധയുണ്ടായി. ചികിത്സാ പിഴവ് മറച്ചുവെച്ച് ഡോക്ടര്‍ മുറിവ് തുന്നി കെട്ടിയെന്നും ആരോപണമുണ്ട്. പ്രസവത്തെത്തുടര്‍ന്ന് എപ്പിസിയോട്ടമി ഇട്ടതില്‍ ഡോക്ടര്‍ന്ന് കൈപ്പിഴവുണ്ടായെന്നാണ് ആരോപണം. പ്രസവസമയത്ത് കുഞ്ഞിന് എളുപ്പത്തില്‍ പുറത്തുവരാനായി യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള ഭാഗത്ത് ഡോക്ടര്‍ ചെയ്യുന്ന ഒരു ചെറിയ ശസ്ത്രക്രിയാ മുറിവാണ് എപ്പിസിയോട്ടമി. മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞതാണ് പ്രശ്‌നത്തിന് കാരണമെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി.
പിഴവ് മറച്ചു വെച്ച ഡോക്ടര്‍ മുറിവ് തുന്നി കെട്ടി പ്രസവം പൂര്‍ത്തിയാക്കി വാര്‍ഡിലേക്ക് മാറ്റിയെന്നും പരാതിയുണ്ട്. മെഡിക്കല്‍ കോളേജിലും രണ്ട് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. കോസ്റ്റോമി ശസ്ത്രക്രിയയും പ്ലാസ്റ്റിക് സര്‍ജറിയും ചെയ്തു. ഇനിയും രണ്ട് ശസ്ത്രക്രിയകള്‍ കൂടി ചെയ്യണം. ഇതുവരെ ആറ് ലക്ഷം രൂപ ചികിത്സയ്ക്ക് ചെലവായെന്നും കുടുംബം പറയുന്നു.



