കുവൈറ്റ് സിറ്റി: ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഡ്രൈവിംഗ് നൈപുണ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി കുവൈറ്റ് ഗതാഗത വകുപ്പ് വിപ്ലവകരമായ മാറ്റങ്ങളിലേക്ക് നീങ്ങുന്നു. ഗതാഗത വകുപ്പിലെ വിദ്യാഭ്യാസ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഖാലിദ് അൽ-അദ്‌വാനി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വരും വർഷങ്ങളിൽ ട്രാഫിക് വിഭാഗത്തിന്റെ എല്ലാ സേവനങ്ങളും 100 ശതമാനവും ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറുമെന്നും അദ്ദേഹം അറിയിച്ചു.
ഡ്രൈവിംഗ് പരിശീലനത്തിനായി പ്രത്യേക അക്കാദമികൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ ആഭ്യന്തര മന്ത്രാലയം ഈ മാസം തന്നെ പുറപ്പെടുവിക്കും. നിലവിലെ ഡ്രൈവിംഗ് സ്കൂളുകൾക്ക് പുറമെ ആധുനിക രീതിയിലുള്ള അക്കാദമികൾ വരുന്നതോടെ ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനവും ശാസ്ത്രീയവുമാകും.
പേപ്പർ രഹിത ഓഫീസുകൾ എന്ന ലക്ഷ്യത്തോടെ ഗതാഗത വകുപ്പിന്റെ എല്ലാ സേവനങ്ങളും പൂർണ്ണമായും ഓൺലൈൻ വഴിയാക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ് അധികൃതർ. ഇതോടെ ട്രാഫിക് ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ സ്മാർട്ട്ഫോൺ വഴി ഒട്ടുമിക്ക സേവനങ്ങളും ലഭ്യമാകും. നിയമങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾക്കിടയിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും റോഡ് സുരക്ഷയിൽ കുവൈറ്റ് പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും ബ്രിഗേഡിയർ ജനറൽ ഖാലിദ് അൽ-അദ്‌വാനി കൂട്ടിച്ചേർത്തു.



