കുവൈറ്റ് സിറ്റി: ഹിജ്റ വർഷം 1447-ലെ വിശുദ്ധ റമദാൻ മാസത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി സംഭാവനകൾ ശേഖരിക്കുന്നതിന് കർശന നിയന്ത്രണങ്ങളുമായി കുവൈറ്റ് സാമൂഹിക കാര്യ മന്ത്രാലയം. ചാരിറ്റബിൾ സൊസൈറ്റികൾ പാലിക്കേണ്ട നിബന്ധനകൾ ഉൾപ്പെടുത്തി മന്ത്രാലയം സർക്കുലർ പുറത്തിറക്കി. പള്ളികൾക്കുള്ളിൽ വെച്ച് ഒരു തരത്തിലുള്ള സംഭാവനകൾ ശേഖരിക്കുന്നതും മന്ത്രാലയം നിരോധിച്ചു. ഓഫീസുകളിലോ പൊതുസ്ഥലങ്ങളിലോ വെച്ച് പണമായി സംഭാവനകൾ സ്വീകരിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
K-Net, ഓൺലൈൻ പേയ്‌മെന്റുകൾ, ബാങ്ക് ട്രാൻസ്ഫർ, സ്മാർട്ട്‌ഫോൺ ആപ്പുകൾ, ഇലക്ട്രോണിക് കളക്ഷൻ ഉപകരണങ്ങൾ, എസ്എംഎസ് എന്നിവ വഴി മാത്രമേ സംഭാവനകൾ സ്വീകരിക്കാൻ അനുവാദമുള്ളൂ. ഷോപ്പിംഗ് മാളുകൾ, പബ്ലിക് സ്ക്വയറുകൾ എന്നിവിടങ്ങളിൽ സംഭാവന ശേഖരിക്കുന്നതിന് മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി മുൻകൂട്ടി വാങ്ങിയിരിക്കണം. കുവൈറ്റിന് പുറത്ത് നിന്ന് പണം സ്വീകരിക്കുന്നതിന് മുൻപായി മന്ത്രാലയത്തിന്റെ അംഗീകാരം തേടണം. മന്ത്രാലയം അംഗീകരിച്ച സൊസൈറ്റികളുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ മാത്രമേ ഇടപാടുകൾക്കായി ഉപയോഗിക്കാൻ പാടുള്ളൂ.പരിശോധനാ സംഘങ്ങൾ ആവശ്യപ്പെടുമ്പോൾ സൊസൈറ്റി പ്രതിനിധികൾ അവരുടെ ഔദ്യോഗിക ഐഡി കാർഡ് ഹാജരാക്കണം.സംഭാവന നൽകിയ തീയതി, ദാതാവിന്റെ പേര് തുടങ്ങിയ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. സംഭാവന നൽകുന്നവർക്ക് കട്ട് ചെയ്ത തുകയുടെ രസീതും K-Net ഉപയോഗിക്കുന്നവർക്ക് അതിന്റെ രസീതും നിർബന്ധമായും നൽകിയിരിക്കണം. നിയമവിരുദ്ധമായ രീതിയിൽ പണം ശേഖരിക്കുന്നത് തടയാനും ചാരിറ്റി പ്രവർത്തനങ്ങൾ സുതാര്യമാക്കാനുമാണ് മന്ത്രാലയം ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.



