കുവൈത്ത് സിറ്റി: മയക്കുമരുന്ന് വിരുദ്ധ വിഭാഗമായ ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ കോംബാറ്റിംഗ് നാർക്കോട്ടിക്സ് നടത്തിയ പ്രത്യേക പരിശോധനയിൽ വിവിധ രാജ്യങ്ങളിൽപ്പെട്ട 16 പ്രതികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം (MOI) അറിയിച്ചു. പ്രതികളിൽ നിന്ന് വൻ തോതിൽ മയക്കുമരുന്നുകളും ലഹരി വസ്തുക്കൾ തയ്യാറാക്കാനും വിതരണം ചെയ്യാനും ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു.
മന്ത്രാലയത്തിന്റെ വിശദീകരണപ്രകാരം, 800 ഗ്രാം ഷാബു, 745 ഗ്രാം ഹാഷിഷ്,151 ഗ്രാം രാസവസ്തുക്കൾ, 40 മില്ലിലിറ്റർ കെമിക്കൽ ഓയിൽ, 3 ഗ്രാം ഹെറോയിൻ, കൂടാതെ 5,000 ക്യാപ്റ്റഗൺ ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്.അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അധികൃതർ വ്യക്തമാക്കി. പുതുക്കിയ മയക്കുമരുന്ന് നിയമപ്രകാരം ഇത്തരം കുറ്റങ്ങൾക്ക് കൂടുതൽ കർശനമായ ശിക്ഷകളാണ് നിലവിലുള്ളത്.രാജ്യമൊട്ടാകെ ശക്തമായ സുരക്ഷാ പരിശോധനകൾ തുടരുമെന്നും, മയക്കുമരുന്ന് കടത്ത്, വിതരണം, ഉപയോഗം എന്നിവയ്ക്കെതിരെ ശക്തമായ നടപടി തുടരുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ വിവരങ്ങൾ ഉണ്ടെങ്കിൽ അധികൃതരെ അറിയിക്കാൻ പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.



