കുവൈറ്റ് സിറ്റി: ഭീകരവാദത്തിന് തടയിടുന്നതിനും കൂട്ട നശീകരണ ആയുധങ്ങളുടെ വ്യാപനം തടയുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ ഭാഗമായി കുവൈറ്റ് കടുത്ത നടപടികൾ സ്വീകരിച്ചു. ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന എട്ട് ലെബനീസ് ആശുപത്രികളെ കുവൈറ്റിന്റെ ദേശീയ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തി. മുൻപ് കമ്പനികളെയും ധനകാര്യ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയിരുന്ന ഈ പട്ടികയിലാണ് ഇപ്പോൾ ലെബനനിലെ പ്രമുഖ ആശുപത്രികളെയും ഉൾപ്പെടുത്തിയിരിക്കുന്നത്.ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ, അതിന് ശ്രമിക്കുകയോ, അല്ലെങ്കിൽ അത്തരം പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുകയോ ചെയ്യുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും പട്ടികയിൽ ഉൾപ്പെടുത്താൻ സമിതിക്ക് അധികാരമുണ്ട്.
നബതിയയിലെ ഷെയ്ഖ് റാഗേബ് ഹർബ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ബിന്റ് ജ്ബൈലിലെ സലാ ഗന്ദൂർ ഹോസ്പിറ്റൽ, അൽ അമൽ ഹോസ്പിറ്റൽ, ബാൽബെക്കിലെ സെന്റ് ജോർജ് ഹോസ്പിറ്റൽ, ഹദത്തിലെ ദാർ അൽ ഹിക്മ ഹോസ്പിറ്റൽ, ബാൽബെക്കിലെ അൽ ബതൂൽ ഹോസ്പിറ്റൽ, ഹെർമൽ ബെക്കയിലെ അൽ ഷിഫ ഹോസ്പിറ്റൽ, ബെയ്റൂട്ടിലെ വിമാനത്താവള റോഡിലുള്ള അൽ റസൂൽ അൽ അഅ്സം ഹോസ്പിറ്റൽ എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച സ്ഥാപനങ്ങൾ. ഈ തീരുമാനങ്ങൾ ഒട്ടും വൈകാതെ തന്നെ നടപ്പിലാക്കാൻ സമിതി നിർദ്ദേശം നൽകിയിട്ടുണ്ട്.



