കുവൈത്ത് സിറ്റി: വരാനിരിക്കുന്ന പരിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വിഭാഗങ്ങളുടെ ഔദ്യോഗിക ജോലി സമയം ക്രമീകരിച്ച് മന്ത്രാലയം പുതിയ ഭരണപരമായ സർക്കുലർ പുറപ്പെടുവിച്ചു. ആരോഗ്യ സേവനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത മന്ത്രാലയത്തിന്റെ ജനറൽ ഓഫീസിലും മറ്റ് അനുബന്ധ വകുപ്പുകളിലും രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2:00 വരെയാണ് പ്രവൃത്തി സമയം നിശ്ചയിച്ചിരിക്കുന്നത്.രോഗികൾക്ക് ചികിത്സയും സേവനങ്ങളും നൽകുന്ന ആശുപത്രികൾ, സ്പെഷ്യലൈസ്ഡ് സെന്ററുകൾ, പ്രൈമറി ഹെൽത്ത് കെയർ സെന്ററുകൾ എന്നിവയുടെ പ്രവർത്തന സമയം രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:30 വരെയായിരിക്കും.
ആരോഗ്യ സേവനങ്ങൾ തടസ്സമില്ലാതെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഈ ക്രമീകരണം.അതേസമയം, സാങ്കേതിക വിഭാഗങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കേണ്ട ആരോഗ്യ കേന്ദ്രങ്ങൾക്കും ഈ പൊതു സമയക്രമത്തിൽ ഇളവുണ്ട്. ജോലിയുടെ സ്വഭാവം അനുസരിച്ച് നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്തേണ്ടി വരുന്ന ഇത്തരം വിഭാഗങ്ങളുടെ സമയം ഓരോ വകുപ്പിനും അനുയോജ്യമായ രീതിയിൽ ഫിംഗർപ്രിന്റ് സിസ്റ്റം വഴി ക്രമീകരിക്കും. അടിയന്തര സേവനങ്ങൾക്കും അത്യാഹിത വിഭാഗങ്ങൾക്കും റമദാൻ മാറ്റങ്ങൾ ബാധകമാകാത്ത വിധം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം.



