കുവൈത്ത് സിറ്റി: കുവൈത്തിന്റെ അടയാളവും പ്രതീകവുമായ കുവൈത്ത് ടവേഴ്‌സിനെ കേന്ദ്രീകരിച്ച് ടൂറിസ്റ്റ് ആകർഷണം വർധിപ്പിക്കുന്നതിനായി കുവൈത്ത് ടൂറിസ്റ്റിക് എന്റർപ്രൈസസ് കമ്പനി (TEC) പുതിയ പദ്ധതിക്ക് തുടക്കമിട്ടു. കുവൈത്ത് ടവേഴ്‌സ് ഗാർഡനെ കല, സംസ്കാരം, ചരിത്രം എന്നിവ ഒരുമിക്കുന്ന സാംസ്കാരിക കേന്ദ്രമായി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.മെയ് 14 വരെ നീളുന്ന ഈ പദ്ധതി ഇന്ററാക്ടീവ് ആർട്ടിസ്റ്റിക് ഇൻനോവേഷനും ദൃശ്യാനുഭവങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സ്ഥാപനവുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. പദ്ധതി കുവൈത്ത് ടവേഴ്‌സിന്റെ വാസ്തുവിദ്യയും സാംസ്കാരിക പൈതൃകവും പരിചയപ്പെടുത്തുന്ന അനുഭവയാത്രയായിരിക്കും.
രാജ്യത്തിന്റെ തിരിച്ചറിയലിന്റെയും തലമുറകളുടെ മുന്നേറ്റത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്ന ടവേഴ്‌സിന്റെ കഥയെ ആസ്പദമാക്കിയുള്ള ആദ്യത്തെ പരീക്ഷണാത്മക പദ്ധതിയാണിതെന്നും അധികൃതർ വ്യക്തമാക്കി.പാർക്കിനകത്ത് കഫേ, സന്ദർശകരുടെ ആശയവിനിമയവും സാമൂഹിക ഇടപെടലും പ്രോത്സാഹിപ്പിക്കുന്ന പൊതുസ്ഥലം, സംഗീത പരിപാടികൾ, വിവിധ സീസണൽ സാംസ്കാരിക പരിപാടികൾ എന്നിവയും പദ്ധതിയുടെ ഭാഗമായിരിക്കും. ദേശീയ വിനോദസഞ്ചാര കേന്ദ്രങ്ങളെ നവീകരിക്കുകയും സാംസ്കാരിക-ടൂറിസ്റ്റ് ഹബ്ബുകളായി വികസിപ്പിക്കുകയും ചെയ്യുന്നതിലുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ പദ്ധതിയിലൂടെ വ്യക്തമാകുന്നതെന്നും കമ്പനി അറിയിച്ചു.


