കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആകെ ജനസംഖ്യയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ. കഴിഞ്ഞ വർഷം അവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യ 52.37 ലക്ഷം കവിഞ്ഞു. ഇതിൽ സ്വദേശികളായ കുവൈറ്റികൾ 30 ശതമാനവും (15.6 ലക്ഷം), ബാക്കി 70 ശതമാനം പ്രവാസികളുമാണ്. പ്രവാസി സമൂഹങ്ങളിൽ ജനസംഖ്യാടിസ്ഥാനത്തിൽ ഇന്ത്യക്കാരാണ് ഒന്നാമത്. ആകെ ജനസംഖ്യയുടെ 20 ശതമാനവും (10.59 ലക്ഷം) ഇന്ത്യക്കാരാണ്. പ്രവാസി വിഭാഗത്തിൽ മാത്രം നോക്കിയാൽ ഇത് ഏകദേശം 29 ശതമാനത്തോളം വരും. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായത്. പ്രവാസി സമൂഹത്തിൽ 6.67 ലക്ഷം പേരുമായി (13%) ഈജിപ്ഷ്യൻ സമൂഹമാണ് രണ്ടാം സ്ഥാനത്തുള്ളത്. ബംഗ്ലാദേശ് (6%), ഫിലിപ്പീൻസ് (4%), സിറിയ (4%), ശ്രീലങ്ക (4%) എന്നിവരാണ് തൊട്ടുപിന്നാലെ.
രാജ്യത്തെ ജനസംഖ്യാ ഘടനയിൽ യുവാക്കളുടെയും തൊഴിലെടുക്കുന്നവരുടെയും സാന്നിധ്യമാണ് പ്രകടമായിരിക്കുന്നത്. ആകെ ജനസംഖ്യയുടെ 80 ശതമാനവും 15 മുതൽ 64 വയസ്സ് വരെയുള്ള പ്രായപരിധിയിൽ ഉള്ളവരാണ്. 15 വയസ്സിൽ താഴെയുള്ളവർ 17 ശതമാനവും 65 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ കേവലം 3 ശതമാനവുമാണ്. ലിംഗാനുപാതത്തിൽ പുരുഷന്മാരുടെ ആധിപത്യം തുടരുന്നു; 61 ശതമാനം പുരുഷന്മാരും 39 ശതമാനം സ്ത്രീകളുമാണ് കുവൈറ്റ് സമൂഹത്തിലുള്ളത്. മറ്റ് പ്രവാസി സമൂഹങ്ങളിൽ നേപ്പാൾ (3%), സൗദി അറേബ്യ (3%), പാകിസ്ഥാൻ (2%) എന്നിവരും ഉൾപ്പെടുന്നു. കുവൈറ്റിലെ തൊഴിൽ മേഖലയിലും നഗരാസൂത്രണത്തിലും വലിയ സ്വാധീനം ചെലുത്തുന്നതാണ് ഈ പുതിയ ജനസംഖ്യാ മാറ്റങ്ങൾ. സൽമിയ, ഫർവാനിയ, ജലീബ് അൽ ശുയൂഖ് തുടങ്ങിയ മേഖലകളിലാണ് ജനസാന്ദ്രത ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയിരിക്കുന്നത്.



