കുവൈറ്റ് സിറ്റി: കുവൈറ്റിലെ ക്രിമിനൽ കോടതിയിൽ ഈ ആഴ്ച പൊതുശ്രദ്ധയാകർഷിച്ച നിരവധി ഹൈ-പ്രൊഫൈൽ കേസുകളിൽ നിർണ്ണായകമായ തീരുമാനങ്ങൾ ഉണ്ടായി. പ്രമുഖ സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇൻഫ്ലുവൻസർമാരും ഉൾപ്പെട്ട കേസുകളിലാണ് കോടതി പുതിയ വിധികൾ പുറപ്പെടുവിച്ചത്. എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് വിചാരണ നേരിടുന്ന അഹമ്മദ് അൽ ഷുലൈമിയുടെ കേസിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. ഫെബ്രുവരി 11-നാകും ജഡ്ജി ഡോ. ഖാലിദ് അൽ ഉമൈറ ഈ കേസിൽ അന്തിമ വിധി പ്രസ്താവിക്കുക. വ്യാജവാർത്താ പ്രചരണം, മൊബൈൽ ഫോൺ ദുരുപയോഗം എന്നീ കുറ്റങ്ങൾ കോടതിയിൽ ഹാജരായപ്പോൾ അഹമ്മദ് നിഷേധിച്ചിരുന്നു.സോഷ്യൽ മീഡിയയിലൂടെ അയൽരാജ്യമായ യമനെ അധിക്ഷേപിച്ചുവെന്ന കുറ്റത്തിന് പിടിയിലായ പ്രമുഖ വ്യക്തിത്വം ഡോ. ഫഹദ് അൽ ഷുലൈമിക്ക് കോടതി ജാമ്യം അനുവദിച്ചു.
1,000 കുവൈറ്റ് ദിനാർ ജാമ്യത്തുകയിലാണ് ഇദ്ദേഹത്തെ വിട്ടയക്കാൻ ഉത്തരവിട്ടത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച ഇദ്ദേഹത്തിന്റെ കേസിൽ മാർച്ച് 4-ന് വിധി പുറപ്പെടുവിക്കും. മയക്കുമരുന്ന് ഉപയോഗവും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ കുവൈറ്റ് സ്വദേശിനിയായ ഇൻഫ്ലുവൻസറെയും അവരുടെ വിദേശിയായ ഭർത്താവിനെയും കോടതി ജാമ്യത്തിൽ വിട്ടു. 5,000 ദിനാർ വീതം ജാമ്യത്തുക കെട്ടിവെക്കാനാണ് കോടതി നിർദ്ദേശിച്ചത്. ഇവരുടെ വിചാരണ നടപടികൾ ഫെബ്രുവരി 11-ലേക്ക് മാറ്റിയിട്ടുണ്ട്. കുവൈറ്റിലെ സൈബർ നിയമങ്ങൾ പ്രകാരം സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും സുഹൃദ് രാജ്യങ്ങളെ അപമാനിക്കുന്നതും അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളായാണ് കണക്കാക്കുന്നത്.



