കുവൈറ്റ് സിറ്റി: കുവൈറ്റിലെ റോഡുകളെ പ്രകമ്പനം കൊള്ളിച്ചിരുന്ന അമിത ശബ്ദത്തിന് അറുതിയാകുന്നു. ശീതകാലത്തും മഴക്കാലത്തും പതിവായിരുന്ന വാഹനങ്ങളുടെ ശബ്ദമലിനീകരണവും അഭ്യാസവും ഇപ്പോൾ ഗണ്യമായി കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. താമസമേഖലകളിലും പ്രധാന പാതകളിലും സമാധാനപരമായ അന്തരീക്ഷം തിരിച്ചുവന്നതിൽ ജനങ്ങൾ വലിയ ആശ്വാസത്തിലാണ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് നടപ്പിലാക്കിയ കർശനമായ പരിശോധനകളും നടപടികളുമാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം.
നിശ്ചിത പരിധിയിൽ കൂടുതൽ ശബ്ദമുണ്ടാക്കുന്ന സൈലൻസറുകൾ ഘടിപ്പിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് രണ്ട് മാസത്തേക്ക് കസ്റ്റഡിയിൽ വെക്കുകയാണ് നിലവിലെ രീതി. കഴിഞ്ഞ മാസങ്ങളിൽ നടത്തിയ ട്രാഫിക് ക്യാമ്പയിനുകളുടെ ഫലം സ്ഥിതിവിവരക്കണക്കുകളിൽ വ്യക്തമാണെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
സൈലൻസറുകളിൽ മാറ്റം വരുത്തിയും എഞ്ചിൻ ട്യൂണിംഗിലൂടെയും അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ റോഡിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്. വാഹനങ്ങളുടെ അമിത ശബ്ദം കാരണം ഉറക്കം നഷ്ടപ്പെട്ടിരുന്ന താമസക്കാർക്കും കുട്ടികൾക്കും പ്രായമായവർക്കും ഈ നടപടി വലിയ ആശ്വാസമായി. നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.



