'മഹാമാരികാലത്ത്‌ മാലാഖമാർ'

  • 11/05/2021

മെയ് 12 വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന ഫ്ലോറൻസ് നെറ്റിങ്‌ഗേലിന്റെ ജന്മദിനം,ഈ ദിനം അന്താരാഷ്ട്ര നഴ്സസ് ദിനമായി ലോകമാകമാനം ആചരിക്കുന്നു .ഇന്ന് ലോകം ഒരു പ്രത്യേക പ്രതിസന്ധിഘട്ടത്തിലൂടെ കടന്ന് പോവുകയാണ് .ആരോഗ്യ മേഖലയിൽ തുടങ്ങി ഇത് എല്ലാ സകല ചരാചരങ്ങളെയും ബാധിക്കുന്ന ഒരു മഹാവിപത്തായി അത്‌ മാറിയിരിക്കുന്നു .നമ്മൾ അതിനെതിരെ പൊരുതുന്നു .നമ്മുടെ ഈ പോരാട്ടത്തിൽ മുൻനിര പോരാളികൾ ആരോഗ്യ മേഖലാ പ്രവർത്തകർ തന്നെയാണ് .ഇതിൽ നഴ്സുമാരുടെ പങ്ക് വിസ്മരിക്കാൻ സാധിക്കുന്ന ഒന്നല്ല .ആയിരക്കണക്കിന് നഴ്സുമാർ ഈ മഹാമാരിയോട് പോരാടി വീരമൃത്യു വരിച്ചു കഴിഞ്ഞിരിക്കുന്നു .എന്നിട്ടും പോർമുഖത്തു നിന്ന് ഒളിച്ചോടാതെ വർദ്ധിച്ച വീര്യത്തോടെ പോരാട്ടം തുടരുന്നു .നമ്മൾ ഓരോരുത്തരും നഴ്സുമാരുടെ ത്യാഗത്തിനു കടപ്പെട്ടിരിക്കുന്നു .

മാസങ്ങളോളം തങ്ങളെയും കുടുംബത്തെയും ഓർക്കാതെ രോഗാണുവിനെ തോൽപ്പിച്ചു രോഗവ്യാപനം തടഞ്ഞും നടത്തുന്ന അവരുടെ പ്രവർത്തനം വിസ്മരിച്ചുകൂടാ .നമുക്ക്‌ ഓരോരുത്തർക്കും ഇതൊരു പ്രതിജ്ഞ എടുക്കാം .ആരോഗ്യ മേഖല പ്രവർത്തകരുടെ മനോവീര്യം കെടുത്താതെയും അവർക്ക് ഭയം ഇല്ലാതെ പ്രവർത്തിക്കാനുമുള്ള സാഹചര്യം ഒരുക്കുക .അവരെ നമുക്ക്‌ ചേർത്ത് നിർത്താം ,സ്നേഹിക്കാം .ശാരീരിക അകലം പാലിച്ചു കൊണ്ടും കൈകൾ ആവർത്തിച്ച് കഴുകികൊണ്ടും ,മാസ്കുകൾ ധരിച്ചും നമ്മൾ കോവിഡിനെതിരെ പോരാടുന്നത് .മഹാമാരിയെ നേരിടുന്ന കാര്യത്തിൽ നമ്മളെല്ലാം യോജിച്ചു നിൽക്കണം .

“ഈറൻ കണ്ണിനോ ദേവരൂപം 
നീറും നെഞ്ചിനോ ശാന്തി മന്ത്രം 
ഉയിരിനോ കാവൽ ധരണിയിൽ 
ഉലകിനോ ശ്വാസം ധമനിയിൽ “
(ചിത്രം :അപ്പോത്തിക്കിരി ,രചന :വയലാർ ശരത്ചന്ദ്ര വർമ്മ )
ഉയിരിന്റെ കാവലുമായി നിൽക്കുന്ന മനുഷ്യർ എന്നു പറയുന്ന ദേവരൂപമാണ് അല്ലെങ്കിൽ ഈശ്വരനാണ് ഓരോ ആരോഗ്യ പ്രവർത്തകരും .അത്‌ ഒരിക്കലും തെറ്റായ കാര്യമല്ല .
“മനസ്സാ വാചാ കർമ്മണാ 
ഞാൻ മനുഷ്യപുത്രനെ സ്നേഹിച്ചു 
അവന്റെ ശത്രുവിനെ ഞാനെതിർത്തു 
അവന്റെ ബന്ധുവിനെ ഞാൻ സ്വീകരിച്ചു “.
(രചന :വയലാർ )

മനുഷ്യപുത്രന്റെ ശത്രു ഇപ്പോൾ കോവിഡ് -19ആണ് .നഴ്സസ് ദിനമായി ആചരിക്കുന്ന ഈ ദിനത്തിൽ വിഷമിക്കുന്നവരുടെയും വേദനിക്കുന്നവരുടെയും കൈത്താങ്ങായി അവർക്ക് ആശ്വാസമായി പ്രവർത്തിക്കുന്ന എല്ലാസഹപ്രവർത്തകർക്കും ആശംസകൾ നേരുന്നു .

ജോബി ബേബി ,നഴ്‌സ്‌ ,കുവൈറ്റ് 

Related Blogs