മാടവനയില്‍ ഒരാളുടെ മരണത്തിനും നിരവധി യാത്രക്കാർക്ക് പരിക്കേല്‍ക്കാനും കാരണമായ അപകടത്തില്‍ ബസ് ഡ്രൈവർക്കെതിരെ കടുത്ത നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. അപകടമുണ്ടാക്കിയ 'കല്ലട' ബസ് ഓടിച്ചിരുന്ന തമിഴ്നാട് സ്വദേശിയുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ കേരള മോട്ടോർ വാഹന വകുപ്പ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നല്‍കും.
അമിത വേഗത്തില്‍ നിറയെ യാത്രക്കാരുമായി വന്ന ബസ്, സിഗ്നലില്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് മറിയാൻ കാരണം. സിഗ്നല്‍ ജംങ്ഷനില്‍ മറുവശത്തേക്ക് പോകാൻ ബൈക്കില്‍ കാത്തു നിന്നിരുന്ന ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യന്‍റെ മുകളിലേക്കാണ് ബസ് വന്നുവീണത്. ബസിലുണ്ടായിരുന്ന 32 യാത്രക്കാരും ഒരു വശത്തേക്ക് വീണു.
അപകടത്തില്‍പ്പെട്ട കല്ലട ബസ് ഇന്നലെ പരിശോധിച്ച എംവിഡി ഉദ്യോഗസ്ഥർ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങളായിരുന്നു. ബസിന്റെ വേഗപ്പൂട്ട് വിഛേദിച്ച നിലയിലായിരുന്നുവെന്നും ഇതിനൊപ്പം ബസിന്റെ പിന്നിലെ ഇടത് വശത്തെ ടയറ് മോശമായിരുന്നുവെന്നും കണ്ടെത്തി. ബസ് അമിത വേഗതയിലായിരുന്നെന്നും പരിശോധന നടത്തിയ മോട്ടർ വെഹിക്കള്‍ ഇൻസ്പെക്ടർ കെ. മനോജ് വ്യക്തമാക്കി. കല്ലട ബസിന്റെ ഡ്രൈവർ പാല്‍പ്പാണ്ടിയുടെ അറസ്റ്റ് പനങ്ങാട് പൊലീസ് രേഖപ്പെടുത്തിയിരുന്നു. നട്ടെല്ലിന്നേറ്റ പരിക്കിനെ തുടർന്ന് ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
എന്നാല്‍ കേവലം ഡ്രൈവർ വിചാരിച്ചാല്‍ മാത്രം നടക്കുന്ന നിയമലംഘനമാണോ ഇതെന്ന ചോദ്യവും ഉയരുന്നുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നെങ്കിലും അത് എത്ര നാളത്തേക്ക് എന്ന ചോദ്യവുമുണ്ട്. നേരത്തെ ഇത്തരം അപകടങ്ങളുണ്ടായപ്പോഴും സമാനമായ പരിശോധനകള്‍ എംവിഡി ഉദ്യോഗസ്ഥർ നടത്തിയിരുന്നെങ്കിലും അതൊക്കെ ഒരു പരിധിക്ക് അപ്പുറത്തേക്ക് പോയിരുന്നില്ല. ദീർഘദൂര യാത്രകള്‍ക്ക് ഇത്തരം ബസുകളെ ആശ്രയിക്കുന്നവരെയും റോഡ് ഉപയോഗിക്കുന്ന സാധാരണക്കാരെയുമൊക്കെ ഒരുപോലെ ആശങ്കയിലാക്കുന്ന അപകടത്തില്‍ നടപടികള്‍ എത്രത്തോളം മുന്നോട്ട് പോകുമെന്നതും ഇനി കണ്ടറിയേണ്ട കാര്യമാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?