ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് രണ്ടായി പിളരുന്നു; ഭൂകമ്പം ഉണ്ടായേക്കാമെന്ന് ഗവേഷകർ

  • 12/11/2025

അതിശയത്തിന്റെ കണികകളാൽ ഇഴചേർക്കപ്പെട്ട ഒന്നാണ് നമ്മുടെ പ്രപഞ്ചം. പർവ്വതങ്ങളുടെയും ഭൂപ്രദേശങ്ങളുടെയും നിരന്തരമായ പരിവർത്തനങ്ങൾ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഗവേഷക‍ർ‌. ആഫ്രിക്കൻ ഭൂഖണ്ഡം പിളരുന്നു, പുതിയ സമുദ്രം രൂപപ്പെടുന്നു, ഭൂമിയുടെ ടെക്ടോണിക് പ്ലേറ്റുകൾ സ്ഥാനം മാറി നീങ്ങുന്നു…എന്നൊക്കെയുള്ള പല തരത്തിലുള്ള സാധ്യതകൾ ഗവേഷകർ പഠനം നടത്തി കണ്ടുപിടിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ടിബറ്റിന് അടിയിൽ ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് വിഘടിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഭൗമശാസ്ത്രജ്ഞർ. 


ടിബറ്റൻ പീഠഭൂമിക്ക് താഴെ ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് രണ്ടായി പിളരുന്നതായി സൂചിപ്പിക്കുന്ന പുതിയ ഭൂകമ്പ ഡാറ്റയാണ് ഗവേഷകർ വെളിപ്പെടുത്തിയിരിക്കുന്നത്.യൂറോപ്പിൻ്റെയും ഏഷ്യയുടെയും പ്രധാന ഭാഗം ഉൾക്കൊള്ളുന്ന ഒരു ടെക്റ്റോണിക് ഫലകത്തെ പറയുന്ന പേരാണ് യുറേഷ്യൻ പ്ലേറ്റ്. ഗവേഷകർ പറയുന്നതനുസരിച്ച്, ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് യുറേഷ്യൻ ഫലകത്തോടൊപ്പം ഇന്ത്യൻ ടെക്ടോണിക് പ്ലേറ്റുകളും പരസ്പരം ഇടിച്ചുകയറി രൂപപ്പെട്ടതാണ് ഹിമാലയവും ടിബറ്റൻ പീഠഭൂമിയും. 

എന്നാൽ ഇന്ത്യൻ, യുറേഷ്യൻ ഫലകങ്ങൾ തമ്മിൽ നടന്ന ഭൂമിശാസ്ത്ര പ്രക്രിയ എങ്ങനെ നടന്നെന്നതും ടെക്റ്റോണിക് പ്രതി പ്രവർത്തനം എങ്ങനെ ആയിരുന്നുവെന്നതും നിഗൂഢമായി തുടരുകയായിരുന്നു. 2023ലെ അമേരിക്കൻ ജിയോഫിസിക്കൽ യൂണിയൻ കോൺഫറൻസിൽ അവതരിപ്പിച്ച ഒരു പഠനം ആണ് ടിബറ്റിന് താഴെ ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് പിളരുന്നതിനെ കുറിച്ച് വിവരിച്ചത്.മുൻപും ഇങ്ങനെ ഒരു വാർത്ത വന്നിരുന്നെങ്കിലും ഭൂമിയുടെ കൃത്യമായ ചലനത്തെയും ഇന്ത്യയുടെ ഏതൊക്കെ പ്രദേശങ്ങളെ അത് ബാധിക്കുമെന്നതിലും അവ്യക്തത ഉണ്ടായിരുന്നു. 

ഭൂമിയുടെ പുറംതോട് എങ്ങനെ പരിണമിക്കുന്നു എന്നതിനെക്കുറിച്ചുള്ള നമ്മുടെ അറിവിനെ പുനർനിർമ്മിക്കാൻ കഴിയുന്നതാണ് പുതിയ കണ്ടുപിടിത്തം എന്ന് ഗവേഷണകർ പറയുന്നു. തെക്കൻ ടിബറ്റിലുടനീളമുള്ള 94 നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള ഭൂകമ്പ തരംഗ ഡാറ്റ വിശകലനം ചെയ്താണ് ഉപരിതലത്തിനടിയിൽ ആഴത്തിലുള്ള ഘടനാപരമായ മാറ്റങ്ങൾ ഉണ്ടെന്നു ഗവേഷകർ മനസിലാക്കിയത്.

Related News