രാഹുൽ കർണാടകത്തിലേക്ക് കടന്നു; കാർ കണ്ടെത്തി

  • 02/12/2025


തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കർണാടകത്തിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇന്നലെ രാവിലെയോടെ രാഹുൽ തമിഴ്നാട് - കർണാടക അതിർത്തിയായ ബാഗലൂരിൽ എത്തിയെന്നാണ് വിവരം ലഭിച്ചത്. പൊലീസ് സംഘം എത്തിയപ്പോഴേക്ക് ബാഗലൂരിൽ നിന്ന് രാഹുല്‍ കടന്നുകളഞ്ഞു.

ഇന്നലെ ഉച്ചയോടെയാണ് രാഹുൽ കർണാടകത്തിലേക്ക് കടന്നത്. ബാഗലൂരില്‍ വെച്ച് വന്ന കാര്‍ കണ്ടെത്തി. ആ കാർ അവിടെ ഉപേക്ഷിച്ച് മറ്റൊരു കാറിലാണ് രാഹുൽ ബാഗലൂരിൽ നിന്ന് മുങ്ങിയത്. ഒപ്പമുണ്ടായിരുന്ന ആൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.

മൂന്ന് കാറുകളാണ് രാഹുൽ മാറിക്കയറിയത് എന്നാണ് വിവരം. പോളോ കാറിലാണ് തമിഴ്നാട് അതിർത്തി വരെ രാഹുൽ എത്തിയത്. അവിടെ നിന്ന് മറ്റൊരു കാറിൽ ബാഗലൂർ വരെ എത്തി. ബാഗലൂരിൽ നിന്ന് അടുത്ത കാറിൽ കർണാടകത്തിലേക്ക് പോയി എന്നാണ് വിവരം.

രാഹുലിന് കൃത്യമായ പ്രാദേശിക സഹായം ലഭിക്കുന്നുണ്ട് എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. പൊലീസ് ബാഗലൂരിൽ എത്തിയപ്പോൾ ഒരു പ്രദേശവാസി ഓടിരക്ഷപ്പെട്ടിരുന്നു. ആരാണ് രാഹുലിന് ഒളിയിടം ഒരുക്കിയത് എന്നതിലടക്കം അന്വേഷണം നടക്കുകയാണ്. ബാഗലൂരുവിൽ ഒരു പൊലീസ് സംഘം ഇപ്പോഴും തുടരുന്നുണ്ട്.

അതേസമയം, കേസിൽ തന്റെ വാദം അടച്ചിട്ട കോടതിയിൽ കേൾക്കണമെന്നാവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിച്ചിട്ടുണ്ട്. സെഷൻസ് കോടതിയിലാണ് രാഹുൽ അപേക്ഷ നൽകിയത്. വിവരങ്ങൾ പുറത്തുപോകാൻ പാടില്ലാത്തത് കാരണമാണ് രാഹുൽ ഈ ആവശ്യം ഉന്നയിക്കുന്നത്. രാഹുലിന്റെ അപേക്ഷ നാളെ കോടതി പരിഗണിക്കും.

Related News