ബുധനാഴ്ചയും വ്യാഴാഴ്ചയും കുവൈത്തിൽ മഴയ്ക്ക് സാധ്യത

  • 06/12/2025



കുവൈത്ത് സിറ്റി: അറബിക്കടലിന്റെയും ഇറാഖിന്റെയും ചില ഭാഗങ്ങളിൽ നാളെ മുതൽ മേഘാവൃതമായ കാലാവസ്ഥയും നേരിയ മഴയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ. കുവൈത്തിൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്ചയും വ്യാഴാഴ്ചയും കുവൈത്തിൽ മഴയ്ക്ക് സാധ്യത വർധിക്കുമെന്നും, അത് നേരിയതോ മിതമായതോ ആകാനാണ് സാധ്യതയെന്നും റമദാൻ പറഞ്ഞു.

പതിവിന് വിപരീതമായി ഈ വർഷം 'നാല്പത് ദിവസം' അഥവാ 'അൽ-മുറബ്ബാനിയ്യ' കാലയളവ് വൈകിയാണ് തുടങ്ങുന്നത്. സാധാരണ ഡിസംബർ ആദ്യ വാരത്തിൽ ഉണ്ടാവാറുള്ള തണുപ്പിന്റെ ലക്ഷണങ്ങൾ ഇത്തവണ കാണുന്നില്ല. സൈബീരിയൻ ധ്രുവീയ ഹൈയുടെ സ്വാധീനം കാരണം താപനില കുറയുകയും തണുത്ത വടക്കുപടിഞ്ഞാറൻ കാറ്റ് വീശുകയും ചെയ്യുന്നതോടെയാണ് ശൈത്യകാലം ആരംഭിക്കാറുള്ളത്. ഈ വർഷം അൽ-മുറബ്ബാനിയ്യയുടെ യഥാർത്ഥ ശൈത്യകാല സവിശേഷതകൾ മാസത്തിന്റെ പകുതിയോടെ മാത്രമേ ആരംഭിക്കൂ എന്നും, അതിനു ശേഷമേ കാലാവസ്ഥ യഥാർത്ഥ തണുപ്പിലേക്ക് മാറുകയുള്ളൂ എന്നും അദ്ദേഹം വിശദീകരിച്ചു. എല്ലാ വർഷവും ഡിസംബർ 6-ന് ആരംഭിക്കുകയും 39 ദിവസം നീണ്ടുനിൽക്കുകയും ചെയ്യുന്ന അൽ-മുറബ്ബാനിയ്യ കാലാവസ്ഥാ കാലഘട്ടം ജനുവരി 15-നാണ് അവസാനിക്കുന്നത്. ഈ കാലയളവാണ് കുവൈത്തിലെ യഥാർത്ഥ ശൈത്യകാലമായി കണക്കാക്കപ്പെടുന്നത്. ഈ സമയത്താണ് തണുപ്പ് ക്രമേണ വർദ്ധിക്കുന്നത്.

Related News