കൊറോണ സാഹചര്യം വിലയിരുത്താൻ നാളെ പ്രത്യേക യോഗം; രാത്രികാല കർഫ്യു ഇന്ന് മുതൽ

  • 20/04/2021

തിരുവനന്തപുരം: കൊറോണ സാഹചര്യം വിലയിരുത്താൻ നാളെ പ്രത്യേക യോഗം വിളിച്ച്‌ മുഖ്യമന്ത്രി. ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന യോഗം രാവിലെ 11 മണിക്കാണ്. കേരളത്തിലെ പ്രതിദിന രോഗവർധന ഇരുപതിനായിരത്തോട് അടുക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യത്തെ തന്നെ എറ്റവും ഉയർന്ന നിരക്കിൽ എത്തി നിൽക്കുകയും ചെയ്യുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രത്യേക യോഗം. 

അടിയന്തര തീരുമാനങ്ങളുണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷ. സംസ്ഥാന വ്യാപകമായി ലോക്ഡൗൺ ഉണ്ടാവില്ലെങ്കിലും കൊറോണ തീവ്രത കൂടിയ ജില്ലകളിൽ ലോക് ഡൗണോ കർശന നിയന്ത്രണങ്ങളോ ഉണ്ടായേക്കും.

അതിനിടെ രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള രാത്രികാല കർഫ്യു ഇന്ന് രാത്രി മുതൽ സംസ്ഥാനത്ത് നിലവിൽ വരും. കർഫ്യൂ നിലവിൽ വരുന്നതിന് മുന്നോടിയായി പൊലിസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. അത്യാവശ്യം അല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും റംസാൻ നോമ്പുള്ളവർക്ക് ഇളവുണ്ടാകുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. രാത്രി ഒൻപത് മണി മുതൽ പുലർച്ചെ അഞ്ച് വരെയുള്ള സമയത്ത് പുറത്തിറങ്ങുന്നത് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായിരിക്കണം.

Related News