താൻ ജീവനോടെയുണ്ട്; ഊഹാപോഹങ്ങള്‍ തള്ളി താലിബാന്‍ നേതാവ് അബ്ദുള്‍ ഗനി ബറാദര്‍

  • 14/09/2021


കാബൂൾ: വെടിയേറ്റ് മരിച്ചെന്ന ഊഹാപോഹങ്ങൾ തള്ളി മുതിർന്ന താലിബാൻ നേതാവും അഫ്ഗാൻ ഉപ പ്രധാനമന്ത്രിയുമായ മുല്ല അബ്ദുൾ ഗനി ബറാദർ. തനിക്ക് വെടിയേറ്റിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും അബ്ദുൾ ഗനി ബറാദർ വ്യക്തമാക്കി. 

ശബ്ദസന്ദേശത്തിലൂടെയായിരുന്നു ബറാദറിന്റെ പ്രതികരണം. താലിബാൻ വക്താവ് മുഹമ്മദ് നയീം ട്വിറ്ററിലൂടെയാണ് ശബ്ദസന്ദേശം പുറത്തുവിട്ടത്.

അഫ്ഗാനിൽ അധികാരം പിടിച്ചതിന് പിന്നാലെ താലിബാൻ നേതാക്കൾക്കിടയിലുണ്ടായ ആഭ്യന്തര തർക്കത്തിനിടെ ബറാദർ വെടിയേറ്റ് മരിച്ചെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച വാർത്തകൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ബറാദറിന്റെ ശബ്ദസന്ദേശം താലിബാൻ പുറത്തുവിട്ടത്.

കഴിഞ്ഞ കുറച്ചുദിവസമായി താനൊരു യാത്രയിലായിരുന്നു. തന്റെ അസാന്നിധ്യം മുതലെടുത്ത് മാധ്യമങ്ങൾ വ്യാജ വാർത്തകളുണ്ടാക്കുകയായിരുന്നുവെന്നും ബറാദർ ശബ്ദസന്ദേശത്തിലൂടെ പറഞ്ഞു. മരിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന കിംവദന്തികൾ വിശ്വസിക്കരുതെന്നും താനും തന്റെ അണികളും സുരക്ഷിതരാണെന്നും ബറാദർ വ്യക്തമാക്കി.

യുഎസ് സൈന്യം പിൻവാങ്ങിയതോടെ അഫ്ഗാൻ സൈന്യത്തെ കീഴടക്കി അധികാരം പിടിച്ചെങ്കിലും താലിബാൻ നേതാക്കൾക്കിടയിലെ അധികാര തർക്കങ്ങൾ കാരണം പുതിയ സർക്കാർ രൂപീകരണം ഏറെ വൈകിയിരുന്നു. ഇതിനിടെ അഫ്ഗാൻ പാർലമെന്റ് കൊട്ടാരത്തിൽ നടന്ന ചർച്ചയ്ക്കിടെ ബറാദറിന് വെടിയേറ്റെന്നായിരുന്നു നേരത്തെ വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

Related News