ഒമിക്രോൺ കണ്ടെത്തിയതിന് പിന്നാലെ ആഫ്രിക്കയിൽ കൊറോണ കേസുകള്‍ കുത്തനെ വർദ്ധിക്കുന്നു

  • 02/12/2021



കേപ് ടൗൺ: ദക്ഷിണ ആഫ്രിക്കയിലെ പുതിയ കൊറോണ കേസുകളുടെ എണ്ണം ഒറ്റ ദിവസംകൊണ്ട് ഇരട്ടിയായി. പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയത് കഴിഞ്ഞ ആഴ്ചയാണ്. ഇതിന് പിന്നാലെയാണ് ഇവിടെ കൊറോണ കേസുകള്‍ കുത്തനെ കൂടിയത്. 

ചൊവ്വാഴ്ച 4373 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ബുധനാഴ്ച ആയപ്പോഴേക്കും കേസുകളുടെ എണ്ണം 8561 ആയി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. പുതിയ വൈറസ് വകഭേദത്തിന് പിന്നാലെ ഇനിയും കൊറോണ കേസുകളില്‍ വര്‍ധന ഉണ്ടാവുമെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.

വരും ദിനങ്ങളില്‍ കൊറോണ കേസുകള്‍ രണ്ടിരട്ടിയോ മൂന്നിരട്ടിയോ ആകാവുന്ന സാഹചര്യമാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണ ആഫ്രിക്കയില്‍ മാത്രം പെട്ടന്നുണ്ടാവുന്ന കൊറോണ കേസുകളുടെ വര്‍ധനയാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നാണ് വൈറോളജിസ്റ്റായ ഡോക്ടര്‍ നിക്സി ഗുമേഡ് മൊലെറ്റ്സി പ്രതികരിക്കുന്നത്. 

നവംബര്‍ ആദ്യ വാരങ്ങളില്‍ 200 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത രാജ്യത്താണ് കൊറോണ കേസുകള്‍ കുത്തനെ കൂടിയത്. നവംബര്‍ മധ്യത്തോടെയാണ് കൊറോണ കേസുകളില്‍ അസാധാരണായ വര്‍ധനവുണ്ടായത്. ഇതിന് പിന്നാലെയാണ് ഒമിക്രോണ്‍ വകഭേദത്തെ കണ്ടെത്തിയത്.

ജൂണിലും ജൂലൈ മാസത്തിലുമായിരുന്നു സമാനമായ നിലയില്‍ ഇതിന് മുന്‍പ് കൊറോണ കേസുകളില്‍ വര്‍ധനവുണ്ടായത്. ദക്ഷിണ ആഫ്രിക്കയില്‍ കൊറോണ മൂലം 90000 പേരാണ് ഇതിനോടകം മരിച്ചിട്ടുള്ളത്. 

എന്നാല്‍ പുതിയ വകഭേദമായ ഒമിക്രോണ്‍ തന്നെയാണോ നിലവിലെ പെട്ടന്നുള്ള കേസുകളുടെ വര്‍ധനയ്ക്ക് കാരണമായതെന്ന് ഇനിയും വ്യക്തമല്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ദക്ഷിണ ആഫ്രിക്കയിലേയും ബോട്സ്വാനയിലേയും ലാബുകളില്‍ ജീനോം സീക്വെന്‍സിംഗ് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. 

Related News