കോവിഡ് കൂടുന്നു; ഡല്‍ഹിയില്‍ രാത്രി കര്‍ഫ്യൂ

  • 26/12/2021

ന്യൂഡല്‍ഹി: ലോകത്തുടനീളം ഒമിക്രോണ്‍ വ്യാപിക്കുകയാണ്. ഇന്ത്യയിലും ദിവസേന കേസുകള്‍ കൂടിവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ്. ജനങ്ങള്‍ കൂട്ടംകൂടാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ നൈറ്റ് കര്‍ഫ്യൂവടക്കം ഏര്‍പ്പെടുത്തുന്നുണ്ട്. 

നിലവില്‍ ഡല്‍ഹിയിലും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കയാണ്. രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് നിയന്ത്രണം. തിങ്കളാഴ്ച ഇത് പ്രാബല്യത്തില്‍ വരും. ഒമിക്രോണ്‍ വ്യാപനത്തെതുടര്‍ന്ന് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. 

ഡല്‍ഹിയില്‍ ഞായറാഴ്ച മാത്രം 290 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 10നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജൂണ്‍ 10ന് 305 കോവിഡ് കേസുകളും 44 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ ആകെ കോവിഡ് കേസുകള്‍ 14,43,352 ആയി. മരണം 25,105. നിലവില്‍ 1103 രോഗികള്‍ ചികിത്സയിലുണ്ട്. 79 ഒമിക്രോണ്‍ കേസുകളാണ് ഇവിടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Related News