ക്രിസ്മസിന് കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പന

  • 27/12/2021

തിരുവനന്തപുരം: കേരളത്തില്‍ ഓരോ ആഘോഷം വരുമ്പോഴും മദ്യവില്‍പനയുടെ റെക്കോര്‍ഡ് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രാവശ്യം ക്രിസ്മസിന് റെക്കോര്‍ഡ് മദ്യവില്‍പനയാണ് നടന്നത്. ക്രിസ്മസ് തലേദിവസം മാത്രം ബിവ്‌റേജസ് കോര്‍പറേഷന്‍ 65.88 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 

തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ വില്‍പന നടന്നത്. 73 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്. രണ്ടാം സ്ഥാനത്ത് ചാലക്കുടിയാണ്. ഇവിടെ 70.72 ലക്ഷത്തിന്റെ മദ്യം വിറ്റു. മൂന്നാം സ്ഥാനത്ത് 63.60 ലക്ഷത്തിന്റെ മദ്യം വിറ്റ ഇരിഞ്ഞാലക്കുടയുമുണ്ട്. 

കഴിഞ്ഞ വര്‍ഷം ക്രസ്മസിന് 55 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. ബെവ്‌കോയ്ക്ക് പുറമെ കണ്‍സ്യൂമര്‍ ഫെഡ് ഔട്‌ലറ്റുകള്‍ വഴി വിറ്റ മദ്യത്തിന്റെ കണക്ക് കൂടി കൂട്ടുമ്പോള്‍ ക്രിസ്മസ് ദിനത്തില്‍ കേരളത്തില്‍ ആകെ വിറ്റത് 73 കോടി രൂപയുടെ മദ്യമാണ്. 

കണ്‍സ്യൂമര്‍ ഫെഡ് ഔട്‌ലറ്റുകളില്‍ 54 ലക്ഷം രൂപയുടെ വില്‍പ്പന നടന്ന കൊടുങ്ങല്ലൂരാണ് മുമ്പില്‍. കൊച്ചി ബാനര്‍ജി റോഡിലെ ഔട്‌ലറ്റില്‍ 53 ലക്ഷം രൂപയുടെ വില്‍പ്പന നടന്നു. ബെവ്‌കോ ഔട്‌ലറ്റുകള്‍ വഴി ക്രിസ്മസ് വരെയുള്ള നാല് ദിവസം 215 കോടി രൂപയുടെ മദ്യം വിറ്റു.

Related News