യുവാവിന്‍റെ രണ്ടാം വിവാഹം ആദ്യ ഭാര്യയുടെ സഹായത്തോടെ; നിമിത്തമായത് ടിക് ടോക്

  • 22/09/2022

ആന്ധ്രാപ്രദേശില്‍ യുവാവിന്‍റെ രണ്ടാം വിവാഹം ആദ്യ ഭാര്യയുടെ സഹായത്തോടെ. പൂവണിഞ്ഞത് വര്‍ഷങ്ങള്‍ നീണ്ട പ്രണയം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടിക് ടോക്കിലൂടെയാണ് അംബേദ്‌കര്‍ നഗര്‍ നിവാസിയായ യുവാവും പ്രണയിനി, വിശാഖപട്ടണം സ്വദേശിനിയും ആദ്യമായി കണ്ടുമുട്ടുന്നത്. രണ്ടുപേരും ടിക് ടോക് അഭിനേതാക്കളാണ്. ഇരുവരുടേയും വീഡിയോകളിലൂടെ അവര്‍ പരസ്‌പരം ഇഷ്‌ടപ്പെട്ടു.

ഇടയ്‌ക്കുവച്ച്‌ യുവാവ് അപ്രത്യക്ഷനായി. അയാളെ പറ്റി യാതൊരു വിവരവും ഇല്ലാതെ വന്നപ്പോള്‍ യുവതി തിരക്കി ഇറങ്ങി. ഒടുവില്‍ അവര്‍ കണ്ടുമുട്ടുമ്ബോഴേക്കും യുവാവ് വിവാഹിതനായിരുന്നു. കടപ്പ സ്വദേശിനിയായ ആദ്യ ഭാര്യയുമൊത്ത് കപ്പിള്‍ വീഡിയോസുമൊക്കെയായി സന്തുഷ്‌ട ജീവിതം നയിക്കുന്ന കാമുകനെ കണ്ട് തിരിച്ചുമടങ്ങാനിരിക്കുമ്ബോള്‍ ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടാകുന്നു.

യുവതി തന്‍റെ പ്രണയ കഥ യുവാവിന്‍റെ ആദ്യ ഭാര്യയെ അറിയിച്ചു. കഥ കേട്ട് മനസലിഞ്ഞ ഭാര്യ സ്വന്തം ഭര്‍ത്താവിനേയും അദ്ദേഹത്തിന്‍റെ പ്രണയിനിയേയും ഒന്നിപ്പിക്കാന്‍ തീരുമാനിച്ചു. സ്വന്തം ഭര്‍ത്താവിനെ വരനായൊരുക്കി ആ വിവാഹവും നടത്തി യുവാവിന്‍റെ ആദ്യ പ്രണയിനിയെ കൂടി തങ്ങളുടെ ജീവിതത്തിലേക്ക് ആദ്യ ഭാര്യ സ്വീകരിച്ചു.

ഒടുവില്‍ മൂന്നുപേരും ഒന്നിച്ചുള്ള റീലുകള്‍, സന്തുഷ്‌ട ജീവിതം. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ ദക്കിലി മണ്ഡലിലാണ് രസകരമായ ഈ വിവാഹം നടന്നത്. കല്യാണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Related News