റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാന്‍ഷു ശുക്ലയ്ക്ക് അശോക ചക്രയും മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് കീർത്തി ചക്ര പുരസ്കാരവുമാണ് പ്രഖ്യാപിച്ചത്. പായ്വഞ്ചിയിൽ ലോക പര്യടനം പൂർത്തിയാക്കിയ മലയാളി നാവിക സേന ഉദ്യോഗസ്ഥ ലഫ്റ്റനൻ്റ് കമാൻഡർ കെ ദിൽനയ്ക്ക് ശൗര്യ ചക്ര പുരസ്കാരം നേടി.
എയർ ഫോഴ്സ് സെൻട്രൽ മെഡിക്കൽ എസ്റ്റാബ്ലിഷ്മെൻ്റിൽ മാസ്റ്റർ വാറണ്ട് ഓഫീസറായ തിരുവനന്തപുരം പേരൂർക്കട സ്വദേശി ടി വിനോദിന് വിശിഷ്ട സേവാ മെഡൽ ലഭിച്ചു. സി ആർ പി എഫ് അസി കമാൻഡൻഡ് വിപിൻ വിൽസണ്‍ ശൗര്യ ചക്ര സമ്മാനിക്കും. മേജർ അനീഷ് ചന്ദ്രനും മേജർ ശിവപ്രസാദിന് ധീരതയ്ക്കുള്ള സേനാ മെഡൽ നൽകി ആദരിക്കും. മേജർ ജനറൽ കെ മോഹൻ, നായർ അതിവിശിഷ്ട സേവാ മെഡലും ബ്രിഗേഡിയർ അരുൺകുമാർ ദാമോദരന്‍ യുദ്ധ് സേവാ മെഡലും ലഭിച്ചു. കോസ്റ്റ് ഗാർഡ് ധീരതയ്ക്കുള്ള തത്രക്ഷക് മെഡൽ മരണാനന്തര ബഹുമതിയായി ഗുജറാത്തിൽ ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യു അടഞ്ഞ മാവേലിക്കര സ്വദേശി ജൂനിയർ ഗ്രേഡ് കമ്മാണ്ടന്റ് വിപിൻ ബാബുവിന് നൽകും. കേരളത്തിൽ നിന്നുള്ള എസ് മുഹമ്മദ് ഷാമിലിന് ഉത്തം ജീവൻ രക്ഷ പഥകും 6 പേർക്ക് ജീവൻ രക്ഷ പഥകും പ്രഖ്യാപിച്ചു.



