ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ്ക്ക് തിരിച്ചടി. ആദായ നികുതി വകുപ്പ് ചുമത്തിയ പിഴ ചോദ്യം ചെയ്തുകൊണ്ട് വിജയ് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയ് ഒന്നരക്കോടി രൂപ പിഴയടക്കണം എന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ നിര്‍ദേശം. ഇതിനെതിരെയായിരുന്നു വിജയ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയാണ് വിജയ്‌യുടെ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
2015-16 വര്‍ഷത്തെ യഥാര്‍ത്ഥ വരുമാനം വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് വിജയ്ക്ക് ആദായ നികുതി വകുപ്പ് ഒന്നരക്കോടി രൂപ പിഴ ചുമത്തിയത്. ഇതിന് പിന്നാലെ ആദായ നികുതി വകുപ്പ് ഡിമാന്‍ഡ് നോട്ടീസ് സമര്‍പ്പിച്ചിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു വിജയ്‌യുടെ ഹര്‍ജി.2016-17 വര്‍ഷത്തില്‍ 35.42 കോടി രൂപയായിരുന്നു വരുമാനമെന്ന് വിജയ് ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നു. എന്നാല്‍ 2015-16 വര്‍ഷത്തെ വരുമാന വിവരം പുറത്തുവിടാന്‍ വിജയ് തയ്യാറായില്ല. 2015ല്‍ വിജയ്‌യുടെ വീട്ടില്‍ ഇൻകം ടാക്സ് റെയ്ഡ് നടത്തിയിരുന്നു. അന്ന് വീട്ടില്‍ നിന്ന് കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ‘പുലി’ എന്ന സിനിമയില്‍ നിന്ന് ലഭിച്ച 15 കോടി രൂപയുടെ വിവരങ്ങള്‍ വിജയ് വെളിപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.



