കുവൈറ്റ് സിറ്റി: കുവൈറ്റിൽ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പതാക ഉയർത്തൽ ചടങ്ങുകൾക്ക് തുടക്കമായി. സോഷ്യൽ വെൽഫെയർ കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ സാമൂഹിക-കുടുംബ-ശിശുക്ഷേമ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല പങ്കെടുത്തു.
രാജ്യത്തോടുള്ള കൂറും സ്നേഹവും പുതുക്കുന്നതിനൊപ്പം കുവൈറ്റ് ജനതയുടെ അചഞ്ചലമായ ദേശീയ ഐക്യം വിളിച്ചോതുന്നതാണ് ഈ സുദിനമെന്ന് മന്ത്രി പറഞ്ഞു.കുവൈറ്റിന്റെ അഭിമാനവും പരമാധികാരവും സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച പൂർവ്വികരുടെയും രക്തസാക്ഷികളുടെയും പോരാട്ടങ്ങളെ ഈ നിമിഷം ഓർമ്മിപ്പിക്കുന്നുവെന്ന് അവർ പറഞ്ഞു. കുവൈറ്റിന്റെ പതാക വാനിൽ ഉയർന്നു പറക്കുന്നത് ജനങ്ങളുടെ സ്വത്വത്തെയും മാതൃരാജ്യത്തോടുള്ള അഗാധമായ വികാരത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്.
കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ് എന്നിവർക്കും കുവൈറ്റ് ജനതയ്ക്കും മന്ത്രി ദേശീയ ദിന ആശംസകൾ നേർന്നു.ഫെബ്രുവരി 25-ലെ ദേശീയ ദിനത്തിനും, 26-ലെ വിമോചന ദിനത്തിനും മുന്നോടിയായി രാജ്യത്തെ സർക്കാർ ഓഫീസുകളും പാർക്കുകളും കെട്ടിടങ്ങളും ഇപ്പോൾ തന്നെ ദീപാലങ്കാരങ്ങളാൽ സജ്ജമായിക്കഴിഞ്ഞു. കുവൈറ്റിന്റെ സുരക്ഷയ്ക്കും അഭിവൃദ്ധിക്കുമായി മന്ത്രി പ്രാർത്ഥനകൾ അർപ്പിച്ചു.



