കുവൈറ്റ് സിറ്റി: കുടുംബാംഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ഗാർഹിക പീഡനം തടയുന്നതിനുമുള്ള സമഗ്രമായ പുതിയ നിയമം കുവൈറ്റിൽ ഔദ്യോഗികമായി നിലവിൽ വന്നു. ഞായറാഴ്ച ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് അൽ-യൗമിൽ’ ഇത് പ്രസിദ്ധീകരിച്ചു. 2020-ലെ പഴയ നിയമം (Law No. 16/2020) റദ്ദാക്കിക്കൊണ്ടാണ് കൂടുതൽ വ്യക്തതയുള്ളതും ശക്തവുമായ ഈ നിയമനിർമ്മാണം നടത്തിയിരിക്കുന്നത്. സമൂഹത്തിന്റെ ആണിക്കല്ലായ കുടുംബത്തെ സംരക്ഷിക്കാനുള്ള രാഷ്ട്രത്തിന്റെ പ്രതിബദ്ധതയാണ് ഈ പുതിയ നിയമമെന്ന് അധികൃതർ വ്യക്തമാക്കി.
ശാരീരികം, മാനസികം, ലൈംഗികം, സാമ്പത്തികം എന്നിങ്ങനെ എല്ലാ തരത്തിലുള്ള ഗാർഹിക പീഡനങ്ങളെയും നിയമം കൃത്യമായി നിർവ്വചിക്കുന്നുണ്ട്. പഴയ നിയമം നടപ്പിലാക്കുന്നതിലുണ്ടായ പ്രായോഗിക തടസ്സങ്ങൾ നീക്കം ചെയ്യാനും ഇരകൾക്ക് കൂടുതൽ ഫലപ്രദമായ നിയമസഹായം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. പരാതികൾ റിപ്പോർട്ട് ചെയ്യാനുള്ള പ്രത്യേക സംവിധാനങ്ങൾ, വേഗത്തിലുള്ള ഇടപെടൽ, വിവരങ്ങളുടെ രഹസ്യാത്മകത എന്നിവ നിയമം ഉറപ്പുനൽകുന്നു.കുടുംബകാര്യ സുപ്രീം കൗൺസിലിന് കീഴിൽ ഗാർഹിക പീഡന സംരക്ഷണത്തിനായി ഒരു ‘ദേശീയ സമിതി’ രൂപീകരിക്കാനും നിയമം അനുശാസിക്കുന്നു.
ആഭ്യന്തരം, നീതിന്യായം, സാമൂഹിക കാര്യം, വിദ്യാഭ്യാസം, ആരോഗ്യം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രതിനിധികളും ജുഡീഷ്യറിയിലെയും സിവിൽ സൊസൈറ്റിയിലെയും അംഗങ്ങളും ഈ സമിതിയിൽ ഉൾപ്പെടും. കുടുംബങ്ങൾക്കുള്ളിലെ അതിക്രമങ്ങൾ തടയുന്നതിനും കുറ്റക്കാർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കുന്നതിനും ഈ സമിതി മേൽനോട്ടം വഹിക്കും.

