കുവൈറ്റ്സിറ്റി: രാജ്യത്തെ ഭക്ഷ്യലഭ്യതയും വിതരണ സാഹചര്യവും പൂർണ്ണമായും സുസ്ഥിരമാണെന്ന് യൂണിയൻ ഓഫ് കൺസ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റീസ് മേധാവി മറിയം അൽ-അവാദ് അറിയിച്ചു. സഹകരണ സംഘങ്ങളിലും സപ്ലൈ സെന്ററുകളിലും എല്ലാവിധ ഭക്ഷ്യവസ്തുക്കളും ലഭ്യമാണെന്നും ഒരിടത്തും ദൗർലഭ്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കുവൈറ്റ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
ആദ്യ ദിവസങ്ങളിൽ ഷോപ്പുകളിൽ തിരക്ക് അനുഭവപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ സഹകരണ സംഘങ്ങളിലെ പ്രവർത്തനം സാധാരണ നിലയിലാണെന്ന് അവർ പറഞ്ഞു. സാധനങ്ങൾ അനാവശ്യമായി വാങ്ങി ശേഖരിക്കുന്ന പ്രവണതയിൽ നിന്നും ഉപഭോക്താക്കൾ വിട്ടുനിൽക്കണം. പല ഭക്ഷ്യവസ്തുക്കൾക്കും നിശ്ചിത കാലാവധി ഉള്ളതിനാൽ അമിതമായി സംഭരിക്കുന്നത് സാധനങ്ങൾ നശിച്ചുപോകാൻ കാരണമാകുമെന്നും അവർ ഓർമ്മിപ്പിച്ചു. ആവശ്യത്തിനുള്ള സാധനങ്ങൾ മാത്രം വാങ്ങുന്നതാണ് ഉചിതം.
വിവിധ സഹകരണ സംഘങ്ങൾക്കിടയിൽ ചില സാധനങ്ങൾക്ക് അനുഭവപ്പെടുന്ന വില വ്യത്യാസം സ്വാഭാവികമാണ്. ചില സൊസൈറ്റികൾ പ്രത്യേക കാലയളവിൽ നൽകുന്ന പ്രമോഷണൽ ഡിസ്കൗണ്ടുകളാണ് ഇതിന് കാരണം. സഹകരണ സംഘങ്ങൾ കൃത്യമായ വിലവിവരപ്പട്ടിക പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യൂണിയന്റെ നേതൃത്വത്തിൽ പതിവായി പരിശോധനകൾ നടത്തുന്നുണ്ട്. വിലക്കയറ്റമോ കൃത്രിമമോ ഉണ്ടാകുന്നത് വളരെ അപൂർവ്വമാണെന്നും അവർ കൂട്ടിച്ചേർത്തു.
വാണിജ്യ വ്യവസായ മന്ത്രാലയം, സാമൂഹിക കാര്യ മന്ത്രാലയം എന്നിവയുമായി ഏകോപിപ്പിച്ച് വിപണിയിലെ നിയമലംഘനങ്ങൾ തടയാൻ നിരന്തരമായ നിരീക്ഷണം നടക്കുന്നുണ്ട്. രാജ്യത്തെ ഭക്ഷ്യസുരക്ഷ സുരക്ഷിതമാണെന്നും സ്വദേശികൾക്കും പ്രവാസികൾക്കും ആവശ്യമായ എല്ലാ ഉൽപ്പന്നങ്ങളും വിപണിയിൽ ലഭ്യമാണെന്നും മറിയം അൽ-അവാദ് ഉറപ്പുനൽകി

