റിയാദ്: കുവൈറ്റിൽ നിന്ന് സൗദി അറേബ്യ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കായി പുതിയ ബസ് സർവീസ് സൗകര്യങ്ങൾ പ്രഖ്യാപിച്ച് സൗദി ഗതാഗത അതോറിറ്റി. കുവൈറ്റ് അതിർത്തി കടന്ന് സൗദിയിലെ പ്രമുഖ വിമാനത്താവളങ്ങളിലേക്ക് എത്തുന്നതിനായി നുവൈസീബ്-ഖഫ്ജി, സാൽമി-റാഖി എന്നീ രണ്ട് പ്രധാന റൂട്ടുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഈ പാതകൾ വഴി യാത്രക്കാർക്ക് ദമ്മാമിലെയും ഹഫർ അൽ-ബാത്തിനിലെയും വിമാനത്താവളങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കും.
നുവൈസീബ്-ഖഫ്ജി അതിർത്തി വഴി പോകുന്ന ബസുകൾ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് സർവീസ് നടത്തുന്നത്. അതേസമയം, സാൽമി-റാഖി റൂട്ടിലൂടെ യാത്ര ചെയ്യുന്നവർക്ക് ഹഫർ അൽ-ബാത്തിൻ ഗവർണറേറ്റിലെ ഖൈസുമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്താം. കുവൈറ്റിൽ നിന്ന് സൗദിയിലേക്കും തിരിച്ച് കുവൈറ്റിലേക്കും യാത്ര ചെയ്യുന്നവർക്ക് ഈ രണ്ട് റൂട്ടുകളും ഒരുപോലെ പ്രയോജനപ്പെടുത്താമെന്ന് അതോറിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കിഴക്കൻ പ്രവിശ്യയിലെ ഈ രണ്ട് വിമാനത്താവളങ്ങളിലേക്കുമായി പ്രതിദിനം ഇരുവശങ്ങളിലേക്കും ആറ് ട്രിപ്പുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. കുവൈറ്റിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർക്കും സൗദിയിൽ നിന്ന് കുവൈറ്റിലേക്ക് എത്തുന്നവർക്കും കൃത്യസമയത്ത് വിമാനത്താവളങ്ങളിൽ എത്താൻ ഈ സേവനം ഏറെ സഹായകരമാകും. യാത്രാ ക്ലേശം പരിഹരിക്കുന്നതിനും അതിർത്തി കടന്നുള്ള ഗതാഗതം സുഗമമാക്കുന്നതിനുമായാണ് ഈ പുതിയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
