കുവൈറ്റ് സിറ്റി: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും വിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമായി കുവൈറ്റ് ഫുഡ് ആൻഡ് ന്യൂട്രിഷൻ അതോറിറ്റി നടത്തിയ പരിശോധനയിൽ അഞ്ച് ഭക്ഷണശാലകൾ പൂട്ടിച്ചു.
ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ മിന്നൽ പരിശോധനയെത്തുടർന്നാണ് നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്. വിപണിയിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള അതോറിറ്റിയുടെ നിരന്തര നിരീക്ഷണത്തിന്റെ ഭാഗമായാണ് ഈ നീക്കം.
മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത ആഹാരപദാർത്ഥങ്ങൾ പ്രദർശിപ്പിക്കുക, ഗുണനിലവാരമില്ലാത്തതും കലർപ്പുള്ളതുമായ ഭക്ഷണസാധനങ്ങൾ വിറ്റഴിക്കുക തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങളാണ് അതോറിറ്റി കണ്ടെത്തിയത്. ഫ്രോസൺ ഇറച്ചി പുറത്തെടുത്ത് തണുപ്പ് മാറ്റി ഫ്രഷ് എന്ന വ്യാജേന വിൽക്കാൻ ശ്രമിച്ചതും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശുചിത്വമില്ലാത്ത സാഹചര്യത്തിൽ പ്രവർത്തിച്ചതും പൂട്ടാൻ കാരണമായി. ജോലിക്കിടെ പാലിക്കേണ്ട പൊതു ശുചിത്വ നിയമങ്ങൾ ലംഘിച്ചതായും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

