കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റി തലസ്ഥാന ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ 40 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.
ഗവർണറേറ്റിലെ 95 വ്യാപാര സ്ഥാപനങ്ങളിലാണ് മുനിസിപ്പാലിറ്റി അധികൃതർ മിന്നൽ പരിശോധന നടത്തിയത്. മുനിസിപ്പാലിറ്റി നിബന്ധനകളും ലൈസൻസ് വ്യവസ്ഥകളും സ്ഥാപനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.സാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ച് സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുക തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച കടകൾക്കെതിരെ കർശനമായ പിഴ ചുമത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
മുനിസിപ്പാലിറ്റി നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ ഗവർണറേറ്റിലുടനീളം നിരീക്ഷണം ശക്തമാക്കുമെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വിഭാഗം ആക്ടിംഗ് ഡയറക്ടർ ഫൈസൽ അൽ ഉതൈബി പറഞ്ഞു. ശിക്ഷാ നടപടികൾ ഒഴിവാക്കുന്നതിനായി എല്ലാ സ്ഥാപന ഉടമകളും ലൈസൻസ് നിബന്ധനകളും നിയമങ്ങളും കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം.
