കുവൈറ്റ്സിറ്റി: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളെത്തുടർന്ന് കുവൈറ്റ് ക്രൂഡ് ഓയിൽ ഉത്പാദനം വെട്ടിക്കുറച്ചതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ (കെ.പി.സി) സിഇഒ ഷെയ്ഖ് നവാഫ് സൗദ് നാസർ അൽ-സബാഹ് അറിയിച്ചു. ടെക്സാസിലെ ഹൂസ്റ്റണിൽ നടന്ന സിറാവീക്ക് (CERAWeek) ഊർജ്ജ സമ്മേളനത്തിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കവെയാണ് അദ്ദേഹം ഈ നിർണ്ണായക വിവരം പങ്കുവെച്ചത്.
ലോക സമ്പദ്വ്യവസ്ഥയുടെ പ്രധാന ധമനിയായ ഹോർമുസ് കടലിടുക്കിലെ സുരക്ഷാ വെല്ലുവിളികൾ ഉത്പാദനത്തെ ബാധിച്ചുവെന്നും കുവൈറ്റിലെയും മേഖലയിലെയും എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെയുള്ള ആക്രമണങ്ങൾ നീതീകരിക്കാനാവാത്തതും നിയമവിരുദ്ധവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഇത്തരം ആക്രമണങ്ങൾ ആഗോള ഊർജ്ജ വിപണിയുടെ സ്ഥിരതയെ തകർക്കുന്ന അപകടകരമായ നീക്കമാണെന്ന് ഷെയ്ഖ് നവാഫ് മുന്നറിയിപ്പ് നൽകി. നിലവിലുള്ള ബദൽ പൈപ്പ്ലൈനുകളും തന്ത്രപ്രധാനമായ കരുതൽ ശേഖരവും സാധാരണ കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോൾ സമുദ്രത്തിലെ ഒരു തുള്ളി വെള്ളം പോലെ നിസ്സാരമാണ്.
സംഘർഷങ്ങൾ അവസാനിച്ചാൽ ഉത്പാദനം വേഗത്തിൽ പുനരാരംഭിക്കാൻ കഴിയുമെന്നും മൂന്ന് മുതൽ നാല് മാസത്തിനുള്ളിൽ പൂർണ്ണതോതിലുള്ള ഉത്പാദനത്തിലേക്ക് തിരിച്ചെത്താൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഗൾഫ് മേഖലയിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം പ്രാദേശിക സുരക്ഷയെ മാത്രമല്ല, മറിച്ച് അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയെത്തന്നെയാണ് അപകടത്തിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
