കുവൈത്ത് സിറ്റി: കടബാധ്യതയിലുള്ള പൗരന്മാരുടെ കടങ്ങൾ തീർപ്പാക്കുന്നതിനായി നീതിമന്ത്രാലയം ആരംഭിച്ച ധനശേഖരണ ക്യാമ്പെയ്ൻ വിജയകരമായി സമാപിച്ചതായി നീതിമന്ത്രി കൗൺസിലർ നാസർ അൽ-സുമൈത് അറിയിച്ചു. ക്യാമ്പെയ്‌നിലൂടെ 16,539,585 കുവൈത്തി ദിനാർ (ഏകദേശം 4987322926.00 ഇന്ത്യൻ രൂപ ) സമാഹരിച്ചതായും 138,328 പേർ സംഭാവന നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
കുവൈത്ത് ന്യൂസ് ഏജൻസിയോട് സംസാരിച്ച മന്ത്രി, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിപുലമായ പ്രതികരണവും പങ്കാളിത്തവും ഈ ക്യാമ്പെയ്‌നിന് ലഭിച്ചതായി പറഞ്ഞു. ഇത് കുവൈത്തിലെ സാമൂഹിക ഐക്യത്തിന്റെയും മനുഷ്യാവബോധത്തിന്റെയും ശക്തമായ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശേഖരിച്ച തുക ജനറൽ ഡയറക്ടറേറ്റ് ഓഫ് എക്സിക്യൂഷൻ വഴി അംഗീകരിച്ച നിയമാനുസൃത നടപടികൾ പാലിച്ച് കടബാധ്യതയിലുള്ള പൗരന്മാരുടെ കടങ്ങൾ തീർപ്പാക്കുന്നതിനായി ഉടൻ ഉപയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു. സംഭാവനകൾ സുതാര്യമായും കാര്യക്ഷമമായും അർഹരായവരിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
കൂടാതെ, ഈ മാനവിക പ്രവർത്തനത്തിന് പിന്തുണ നൽകിയ സ്ഥാപനങ്ങൾ, ബാങ്കുകൾ, കമ്പനികൾ, സംഘടനകൾ, വ്യക്തികൾ എന്നിവരുടെ വലിയ പങ്ക് അദ്ദേഹം അഭിനന്ദിച്ചു. അവരുടെ സഹായം കടബാധ്യതയിലുള്ള കുടുംബങ്ങളുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കാനും കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കാനും സഹായകരമായതായി അദ്ദേഹം പറഞ്ഞു.കുവൈത്തിന്റെ സുരക്ഷയും സ്ഥിരതയും തുടരാൻ അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെയും കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹിന്റെയും നേതൃത്വത്തിൽ രാജ്യം മുന്നോട്ട് പോകട്ടെയെന്ന് അദ്ദേഹം പ്രാർത്ഥിച്ചു.

