കുവൈത്ത്സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തിയതായി കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു.നാഷണൽ ഗാർഡിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്അാൻ ഫദൽ പുറത്തിറക്കിയ പ്രസ്താവനയിൽ, സുരക്ഷ ഉറപ്പാക്കുന്നതിനായി നാഷണൽ ഗാർഡിന്റെ ഉത്തരവാദിത്വത്തിലുള്ള പ്രദേശങ്ങളിലാണ് ഈ ഡ്രോണുകൾ തകർത്തതെന്ന് വ്യക്തമാക്കി.
രാജ്യത്തിന്റെ പ്രധാന സൗകര്യങ്ങൾ സംരക്ഷിക്കുകയും സാധ്യതയുള്ള ഭീഷണികളെ നേരിടുകയും ചെയ്യുന്നതിനുള്ള തുടർച്ചയായ നടപടികളുടെ ഭാഗമായാണ് ഈ പ്രവർത്തനം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളും പ്രവാസികളും ബന്ധപ്പെട്ട അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
കുവൈത്ത് സൈന്യം, പൊലീസ്, ജനറൽ ഫയർ ഫോഴ്‌സ് എന്നിവയുമായി സഹകരിച്ച് നാഷണൽ ഗാർഡ് സേന പൂർണ സജ്ജതയോടെയും ജാഗ്രതയോടെയും പ്രവർത്തിക്കുന്നുവെന്നും, രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സ്ഥിരതയും സംരക്ഷിക്കാൻ ഏത് ഭീഷണിയെയും ശക്തമായി നേരിടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

