92 ദിവസത്തിനുള്ളിൽ ഏഴ് അഗ്നിപർവ്വതങ്ങൾ കീഴടക്കി വിശാഖപട്ടണം സ്വദേശി അൻമിഷ് വർമ്മ. ലോകത്തിലെ ഏഴ് അഗ്നിപർവ്വതങ്ങളുടെ കൊടുമുടികൾ ഏറ്റവും വേഗത്തിൽ കീഴടക്കിയ മനുഷ്യനായായി മാറിയിരിക്കുകയാണ് ഇന്ത്യക്കാരനായ ഭൂപതിരാജു അൻമിഷ് വർമ്മ. ഇതോടെ ഗിന്നസ് വേൾഡ് റെക്കോർഡും അദ്ദേഹത്തെ തേടിയെത്തിരിക്കുകയാണ്.മുൻപ് 200 ദിവസം കൊണ്ട് ഏഴ് അഗ്നിപർവ്വതങ്ങൾ അൻമിഷ് കീഴടക്കിയിരുന്നു. ഈ റെക്കോർഡാണ് സ്വയം തിരുത്തിയിരിക്കുന്നത്. 92 ദിവസവും നാല് മണിക്കൂറും കൊണ്ടാണ് അദ്ദേഹം ലക്ഷ്യം കണ്ടത്. ലോക ശ്രദ്ധ തന്നെ പിടിച്ചുപറ്റിയ ഒരു ദൗത്യമായി മാറിയിരിക്കുകയാണ് യുവാവിൻ്റെ പർവതാരോഹണം.
ധാരാളം പേരാണ് വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും ഈ നേട്ടത്തെ അനുമോദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന് ഔദ്യോഗികമായി ഗിന്നസ് പുരസ്‌കാരം നൽകി ആദരിക്കുകയും ചെയ്‌തു. എപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞ പര്യവേഷണങ്ങളിലാണ് കൂടുതൽ താത്‌പര്യമെന്നാണ് അൻമിഷ് വർമ്മ ഇടിവി ഭാരതിനോട് പ്രതികരിച്ചത്. യാത്ര വിശേഷങ്ങളിലും അദ്ദേഹം വാചാലനായി.
കഴിഞ്ഞ വർഷം ഒക്ടോബർ 23ന് മൗണ്ട് എൽബ്രസുമായി അദ്ദേഹം ഈ അഭിലാഷകരമായ യാത്ര ആരംഭിച്ചു. തുടർന്ന് അദ്ദേഹം ഓജോസ് ഡെൽ സലാഡോ, മൗണ്ട് കിളിമഞ്ചാരോ, പിക്കോ ഡി ഒറിസാബ, മൗണ്ട് ഡമാവന്ദ്, മൗണ്ട് ഗിലുവേ എന്നിവ കീഴടക്കി. ഈ വർഷം ജനുവരി 23 ന് സിഡ്‌ലി പർവതവും കീഴടക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രകൾ അത്ര എളുപ്പമായിരുന്നില്ലെന്നും അവസാന കയറ്റത്തിനിടെ, പ്രത്യേകിച്ച് താൻ നേരിട്ട കടുത്ത വെല്ലുവിളികളെ കുറിച്ചും അൻമിഷ് പങ്കുവച്ചു.
താപനില മൈനസ് 60 ഡിഗ്രിയിലേക്ക് താഴുന്നതും ഭക്ഷണം കുറവുള്ള സാഹചര്യങ്ങളും ഉൾപ്പെടെയുള്ള ജീവൻ അപകടപ്പെടുത്തുന്ന സാഹചര്യങ്ങളും ഉണ്ടായിരുന്നു. അത്തരം നിരവധി പ്രശ്‌നങ്ങളെ ആത്മവിശ്വാസത്തോടെ ഞങ്ങൾ നേരിട്ടു. എല്ലാ പ്രതിസന്ധികളെയും അവഗണിച്ച് ഞങ്ങൾ യാത്ര തുടർന്നു. ആദ്യം, 60 ദിവസത്തിനുള്ളിൽ ദൗത്യം പൂർത്തിയാക്കുക എന്നതായിരുന്നു ടീം ലക്ഷ്യമിട്ടിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.പ്രതികൂല കാലാവസ്ഥയും അപ്രതീക്ഷിത ബുദ്ധിമുട്ടുകളും കാരണം ഈ നേട്ടം കൈവരിക്കാൻ 92 ദിവസമെടുത്തു. എന്നിരുന്നാലും ലക്ഷ്യത്തിലെത്താൻ സാധിച്ചതിൽ വലിയ സന്തോഷം. ഈ നേട്ടത്തോടെ അൻമിഷ് ഒരു ലോക റെക്കോർഡ് സ്ഥാപിച്ചതിനൊപ്പം രാജ്യത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്.
