കുവൈറ്റ് സിറ്റി: കുവൈറ്റിന് നേരെയുള്ള ഇറാൻ്റെ സൈനിക ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. പ്രതിസന്ധി തുടങ്ങിയ നാൾ മുതൽ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും സംഘർഷം ലഘൂകരിക്കാനുമാണ് ഇന്ത്യ ആഹ്വാനം ചെയ്യുന്നതെന്ന് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാതി വ്യക്തമാക്കി. വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും അവർ അറിയിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദുമായി രണ്ട് തവണ ഫോണിൽ സംസാരിക്കുകയും കുവൈറ്റിൻ്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇന്ത്യയുടെ പൂർണ്ണ പിന്തുണ ഉറപ്പുനൽകുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണം അങ്ങേയറ്റം വേദനാജനകമാണെന്ന് അംബാസഡർ വിശേഷിപ്പിച്ചു. പുലർച്ചെ അഞ്ച് മണിയോടെയാണ് ആക്രമണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്നും കുവൈറ്റിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിലെ സർവീസ് കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ പൗരനായ കൃഷ്ണൻ കൊല്ലപ്പെട്ടതായും അവർ സ്ഥിരീകരിച്ചു.
യാതൊരു സംഘർഷത്തിലോ സൈനിക പ്രവർത്തനങ്ങളിലോ പങ്കാളിയല്ലാത്ത ഒരു സാധാരണ തൊഴിലാളിക്ക് ജീവൻ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് അംബാസഡർ പറഞ്ഞു. കേവലം ഉപജീവനത്തിനായി ജോലി ചെയ്തിരുന്ന ഒരു മനുഷ്യൻ ഇത്തരം ക്രൂരമായ ആക്രമണത്തിന് ഇരയായത് വേദന വർദ്ധിപ്പിക്കുന്നു. കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശി കൃഷ്ണന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അവർ അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പ്രാദേശിക അധികൃതരുമായും എംബസി ഉദ്യോഗസ്ഥരുമായും ചേർന്ന് പ്രവർത്തനം ആരംഭിച്ചതായും അംബാസഡർ കൂട്ടിച്ചേർത്തു.
