തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ നിന്നും മോഷണം പോയ മൂന്ന് പുരാതന വിഗ്രഹങ്ങള്‍ തിരികെ നല്‍കാനൊരുങ്ങി യുഎസ്. നിലവില്‍ സ്‌മിത്‌സോണിയ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന വിഗ്രഹങ്ങളാണ് തിരികെ നല്‍കുക. ഇത് സംബന്ധിച്ചുള്ള കരാറില്‍ യുഎസിലെ ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ നംഗ്യ ഖമ്പ, മ്യൂസിയം ഡയറക്‌ടര്‍ ചേസ് റോബ്‌സണുമായി കരാറില്‍ ഒപ്പുവച്ചു. വിഗ്രഹങ്ങള്‍ തമിഴനാട്ടിലെ ക്ഷേത്രങ്ങളില്‍ നിന്നും മോഷണം പോയതാണെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞതോടെയാണ് കൈമാറ്റം നടത്തുന്നത്.
ഒമ്പതാം നൂറ്റാണ്ടിലെ ശിവ നടരാജ വെങ്കലം, 12ാം നൂറ്റാണ്ടിലെ ശിവന്‍റെയും ഉമയുടെയും വിഗ്രഹം, 16ാം നൂറ്റാണ്ടിലെ പറവിക്കൊപ്പമുള്ള സന്യാസി സുന്ദരരുടെ വിഗ്രഹം എന്നിവയാണ് ഇന്ത്യയ്‌ക്ക് തിരികെ നല്‍കുക. വിഗ്രഹ കൈമാറ്റത്തെ കുറിച്ച് യുഎസിലെ ഇന്ത്യന്‍ എംബസി എക്‌സില്‍ പോസ്റ്റിടുകയും ചെയ്‌തു.
‘സ്‌മിത്‌സോണിയന്‍റെ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ടിൽ നിന്ന് മൂന്ന് അമൂല്യമായ പുരാവസ്‌തുക്കൾ ഇന്ത്യയിലേക്ക് തിരികെയെത്തിക്കുന്നു. 9-ാം നൂറ്റാണ്ടിലെ ശിവ നടരാജ വെങ്കലം, 12-ാം നൂറ്റാണ്ടിലെ ശിവന്‍റെയും ഉമയുടെയും ശിൽപം, 16-ാം നൂറ്റാണ്ടിലെ പറവിയോടൊപ്പമുള്ള സന്യാസി സുന്ദരരുടെ വിഗ്രഹം’ എന്നിവയാണ് ഇന്ത്യയിലേക്ക് തിരികെയെത്തിക്കുകയെന്ന് പോസ്റ്റില്‍ പറയുന്നു.
ഈ മൂന്ന് വിഗ്രഹങ്ങളും ഇന്ത്യയില്‍ നിന്നും അനധികൃതമായി കടത്തിയതാണെന്നും എംബസി കുറിപ്പില്‍ പറയുന്നു. ഇന്ത്യയുടെ സമ്പന്നമായ കലയെയും ആത്മീയതയെയും എടുത്ത് കാണിക്കുന്നതാണ് നടരാജ വിഗ്രഹം. മറ്റ് രണ്ട് വിഗ്രഹങ്ങളാകട്ടെ 1987ൽ ആർതർ എം സാക്ലർ മ്യൂസിയത്തിന് സംഭാവന ചെയ്‌ത ശേഖരത്തിന്‍റെ ഭാഗമായിരുന്നുവെന്നും എംബസിയുടെ പോസ്റ്റില്‍ പറയുന്നു.
