കുവൈത്ത് സിറ്റി: അൽ-ജഹ്‌റ ഗവർണറേറ്റിലെ നിരവധി കടകളിൽ നടത്തിയ വ്യാപക പരിശോധനയിൽ 24 നിയമലംഘനങ്ങൾ കണ്ടെത്തിയതായി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു. കുവൈത്ത് ന്യൂസ് ഏജൻസിയ്ക്ക് നൽകിയ പ്രസ്താവനയിൽ, മന്ത്രാലയത്തിന്റെ എമർജൻസി ടീമുകൾ നടത്തിയ പരിശോധനയിൽ ഭക്ഷ്യവസ്തുക്കൾക്ക് സർക്കാർ നിശ്ചയിച്ച വില പാലിക്കാത്തതും ചില സാധനങ്ങൾ കൂടുതലായ വിലയ്ക്ക് വിൽക്കുന്നതുമാണ് പ്രധാനമായി കണ്ടെത്തിയതെന്ന് വ്യക്തമാക്കി.
ഇതുകൂടാതെ വിലപ്പട്ടിക പ്രദർശിപ്പിക്കാത്തത്, ലൈസൻസ് ഇല്ലാതെ പ്രമോഷൻ ഓഫറുകൾ നടത്തിയത്, ഉൽപ്പന്നങ്ങളുടെ ഉത്ഭവരാജ്യം വ്യക്തമാക്കാത്തത് എന്നിവയും നിയമലംഘനങ്ങളായി രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. മാർക്കറ്റിലെ സ്ഥിരത ഉറപ്പാക്കാനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനും സാധന-സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

