ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ്യുടെ ‘ജന നായകൻ’ സിനിമയുടെ പ്രിൻ്റ് ഓൺലൈനിൽ ചോർന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി തമിഴ്നാട് ബിജെപി മുൻ അധ്യക്ഷന് കെ അണ്ണാമലൈ. തനിക്കും കേന്ദ്രമന്ത്രി എൽ മുരുകനും എതിരായി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെയാണ് അണ്ണാമലൈ നിഷേധിച്ചത്.ടിവികെയുടെ ഇത്തരം അവകാശവാദങ്ങൾ രാഷ്ട്രീയ മര്യാദകേടാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് വിവാദങ്ങളിലേയ്ക്ക് പാർട്ടിയെ വലിച്ചിഴയ്ക്കുന്നതിൻ്റെ യുക്തി എന്തെന്നും ചോദിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണം പൂർത്തിയാക്കിയതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ പ്രിൻ്റ് ചോർന്നതിൽ അദ്ദേഹം അപലപിച്ചു. ഇത് ഒരു നിയമവിരുദ്ധ പ്രവൃത്തിയാണെന്നും ചിത്രത്തിൻ്റെ വ്യാജ പതിപ്പുകൾ ബഹിഷ്ക്കരിക്കാൻ പൊതുജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു.
അനാവശ്യമായി കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർക്ക് നേരെ കുറ്റം ചുമത്തണമെന്നും അണ്ണാമലൈ പൊലീസിനോട് ആവശ്യപ്പെട്ടു. തെറ്റ് ചെയ്തവരെ പൊലീസ് നിയമത്തിന് മുന്നിൽ കൊണ്ടുവരണം. രാഷ്ട്രീയ നേട്ടത്തിനായി ബിജെപി പാർട്ടിയെ വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ടു.ടിവികെയുടെ ചില പിന്തുണക്കാരും നേതാക്കളും പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളെ ശക്തമായി അപലപിക്കുന്നു എന്നും കൂട്ടിച്ചേർത്തു. ബിജെപി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെ നിയന്ത്രിക്കുന്നില്ലെന്നും സിനിമയുടെ നിർമാണത്തിലോ റിലീസുമായി ബന്ധപ്പെട്ട വിഷയത്തിലോ എൽ മുരുകന് പങ്കില്ലെന്നും ചൂണ്ടിക്കാട്ടി.
