ന്യൂഡൽഹി: വ്യോമപാത നിയന്ത്രണങ്ങളും പ്രവർത്തന തടസ്സങ്ങളും നിലനിൽക്കുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും ഗൾഫ് മേഖലയിൽ നിന്നുമുള്ള ഇന്ത്യക്കാരുടെ സുരക്ഷയും യാത്രാ സൗകര്യങ്ങളും ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം വൻതോതിലുള്ള ഏകോപന പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വെള്ളിയാഴ്ച നടന്ന വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത യോഗത്തിലാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾ വഴി ഏകോപിപ്പിച്ച ഒഴിപ്പിക്കൽ പ്രവർത്തനങ്ങളുടെയും യാത്രാ സൗകര്യങ്ങളുടെയും ഫലമായി ഫെബ്രുവരി 28 മുതൽ ഏകദേശം 8,43,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയതായി വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി അസീം ആർ മഹാജൻ അറിയിച്ചു. നിലവിലെ സാഹചര്യം സർക്കാർ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്നും അടിയന്തര നടപടികൾക്കായി പ്രത്യേക സംവിധാനം നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് മേഖലയിലെയും പശ്ചിമേഷ്യയിലെയും സംഭവവികാസങ്ങൾ മന്ത്രാലയം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ഇതിനായി മന്ത്രാലയത്തിനുള്ളിൽ തന്നെ ഒരു പ്രത്യേക കൺട്രോൾ റൂം പ്രവർത്തനസജ്ജമാണ്. വിദേശത്തുള്ള ഇന്ത്യൻ എംബസികളുമായും കോൺസുലേറ്റുകളുമായും ചേർന്ന് ഈ കൺട്രോൾ റൂം നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.തിരിച്ചെത്തുന്ന പൗരന്മാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും കൃത്യമായ വിവരങ്ങൾ കൈമാറുന്നതിനുമായി വിവിധ സംസ്ഥാന സർക്കാരുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും മന്ത്രാലയം നിരന്തരമായ സമ്പർക്കം പുലർത്തുന്നുണ്ട്. പ്രതിസന്ധികൾക്കിടയിലും പ്രവാസികളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
കുവൈത്തിന്റെ വ്യോമപരിധി ഇപ്പോഴും അടഞ്ഞ നിലയിലാണെന്ന് അധികൃതർ അറിയിച്ചു. ഇതിനെ തുടർന്ന് ജസീറ എയർവേയ്സും കുവൈത്ത് എയർവേയ്സും സൗദി അറേബ്യയിലെ ഡമ്മാം വിമാനത്താവളം വഴി ഇന്ത്യയിലേക്ക് പരിമിതമായ നോൺ-ഷെഡ്യൂൾഡ് സർവീസുകൾ തുടരുകയാണ്.വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൽ പറഞ്ഞു, നിലവിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ഏകദേശം 95 വിമാനങ്ങൾ ഒരു ദിവസത്തിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം സൗദി അറേബ്യയിലും ഒമാനിലും നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ തുടരുന്നു.കുവൈത്തിൽ നിന്ന് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് സൗദി അറേബ്യ വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്ന നടപടികൾ തുടരുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഇതേസമയം ഖത്തർ വ്യോമപരിധി ഭാഗികമായി തുറന്ന നിലയിലാണെന്നും, ഖത്തർ എയർവേയ്സ് ഇന്ന് 8 മുതൽ 10 വരെ വിമാനങ്ങൾ ഇന്ത്യയിലേക്ക് നടത്താൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.അതേസമയം, ഇസ്രായേൽ വ്യോമപരിധി ഭാഗികമായി തുറന്നിരിക്കുകയാണ്, ഇറാഖ് വ്യോമപരിധി നിയന്ത്രിത രീതിയിൽ പ്രവർത്തിക്കുന്നതായും അറിയിച്ചു. സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ ഇറാൻ, ഇസ്രായേൽ, ഇറാഖ് എന്നിവിടങ്ങളിൽ നിന്ന് വിവിധ രാജ്യങ്ങൾ വഴി ഇന്ത്യയിലേക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കുന്ന പ്രവർത്തനങ്ങളും തുടരുകയാണ്.
