കുവൈറ്റ് സിറ്റി: പൊതുനിരത്തുകളിലും നടപ്പാതകളിലും തുറസ്സായ സ്ഥലങ്ങളിലും വാഹനങ്ങളും ബോട്ടുകളും ഉൾപ്പെടെയുള്ളവ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കുവൈറ്റ് മുനിസിപ്പാലിറ്റി. തെരുവുകൾ, പൊതു ചതുരങ്ങൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ, ബോട്ടുകൾ, പ്രീഫാബ്രിക്കേറ്റഡ് വീടുകൾ (പോർട്ടാ ക്യാബിനുകൾ) എന്നിവ പാർക്ക് ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പൊതുസ്ഥലങ്ങൾ കൈയേറുന്നതും നഗരത്തിന്റെ ഭംഗി നശിപ്പിക്കുന്നതുമായ ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരത്തിൽ നിയമലംഘനം കണ്ടെത്തുന്ന വാഹനങ്ങളിലും മറ്റ് വസ്തുക്കളിലും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ സ്റ്റിക്കർ പതിപ്പിക്കും. ഇപ്രകാരം അറിയിപ്പ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ഉടമകൾ അവ സ്വന്തം ചെലവിൽ നീക്കം ചെയ്യണം.
നിശ്ചിത സമയപരിധിക്കുള്ളിൽ നീക്കം ചെയ്യാത്തവ അധികൃതർ പിടിച്ചെടുക്കുമെന്നും ഇതിന്റെ ചെലവും പിഴയും ഉടമകളിൽ നിന്ന് ഈടാക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. നഗരശുചിത്വവും ഗതാഗത സൗകര്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പൊതുജനാരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് മുനിസിപ്പാലിറ്റിയുടെ തീരുമാനം.
