കുവൈറ്റ് സിറ്റി: രാജ്യത്തെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ ചെക്ക്പോസ്റ്റുകൾ ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ-വഹീബ് തിങ്കളാഴ്ച സന്ദർശിച്ചു. സുരക്ഷാ ഡയറക്ടറേറ്റ്സ് സെക്ടർ മേധാവി മേജർ ജനറൽ ഹമദ് അൽ-മുനിഫി, ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ അബ്ദുള്ള അൽ-അതീഖി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സന്ദർശനം.
രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്ന ചെക്ക്പോസ്റ്റുകളിലെ സുരക്ഷാ സേനയുടെ പ്രവർത്തനരീതിയും വിന്യാസവും സംബന്ധിച്ച് അദ്ദേഹം വിശദീകരണം കേട്ടു. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സ്വീകരിച്ച സുരക്ഷാ പദ്ധതികളും മുൻകരുതൽ നടപടികളും സംബന്ധിച്ച വിവരങ്ങളും അദ്ദേഹം അവലോകനം ചെയ്തു.രാജ്യസുരക്ഷ നിലനിർത്തുന്നതിൽ ചെക്ക്പോസ്റ്റുകൾക്ക് പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയമലംഘനം നടത്തുന്നവരെയും സമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങളെയും കർശനമായി നേരിടണം എന്നും അദ്ദേഹം നിർദേശിച്ചു. പര്യടനത്തിന്റെ അവസാനം, സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ തുടർച്ചയായ സേവനവും രാജ്യസ്നേഹവും അദ്ദേഹം പ്രശംസിക്കുകയും രാജ്യത്ത് സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കുന്നതിൽ അവരുടെ പങ്ക് അഭിനന്ദിക്കുകയും ചെയ്തു.
