കുവൈത്ത് സിറ്റി: ആഗോള വിതരണ ശൃംഖലയിലെ അപ്രതീക്ഷിത തടസ്സങ്ങൾക്കിടയിലും രാജ്യത്ത് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി കുവൈത്ത് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. അസാധാരണമായ സാഹചര്യങ്ങളിൽ വിതരണ ശൃംഖല നേരിടുന്ന വെല്ലുവിളികളെ മറികടക്കാനാണ് ഈ നീക്കമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. സമുദ്ര-കര-വ്യോമ ഗതാഗത മാർഗ്ഗങ്ങളിൽ തടസ്സങ്ങൾ നേരിടുമ്പോൾ ഇറക്കുമതി കമ്പനികൾക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത സർക്കാർ വഹിക്കുമെന്ന് മന്ത്രി ഒസാമ ബൂദായി വ്യക്തമാക്കി.
സാധാരണ ഗതാഗത മാർഗ്ഗങ്ങൾ തടസ്സപ്പെടുകയും പകരമുള്ള വഴികൾ തേടേണ്ടി വരികയും ചെയ്യുന്ന സാഹചര്യങ്ങളെ ‘അസാധാരണ സാഹചര്യങ്ങൾ’ എന്ന് മന്ത്രാലയം നിർവചിച്ചിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളിൽ ദേശീയ വിതരണ ശൃംഖല സുരക്ഷിതമാക്കാനും വിപണിയിൽ സാധനങ്ങളുടെ ക്ഷാമം ഇല്ലാതാക്കാനും ഈ തീരുമാനം സഹായിക്കും. പ്രാദേശികമോ സാങ്കേതികമോ ആയ പ്രതിസന്ധികൾ ഉണ്ടായാലും ഉപഭോക്താക്കൾക്ക് സ്ഥിരമായ വിലയിൽ സാധനങ്ങൾ ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം.
കുവൈത്ത് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്ററിന്റെ അറിയിപ്പ് പ്രകാരം, വിപണിയുടെ കരുത്ത് നിലനിർത്തുന്നതിനും ഇറക്കുമതി തടസ്സമില്ലാതെ തുടരുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഉത്തരവ്. ഏത് പ്രതികൂല സാഹചര്യത്തിലും രാജ്യത്തെ വിപണിയിൽ സുസ്ഥിരത ഉറപ്പാക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ അറിയിച്ചു.
